വീട്ടിലെ പെട്ടിക്കുള്ളിൽ 125 ഐഫോണുകൾ; 1.5 കോടിയുടെ മോഷണ ഫോണുകൾ കണ്ടെത്തി പോലീസ്
ഛത്തീസ്ഗഢിലെ റായ്പൂരിലുള്ള ആപ്പിൾ സ്റ്റോറിൽ നിന്ന് മോഷണം പോയ 173 ആപ്പിൾ ഉപകരണങ്ങളിൽ 125 ഐഫോണുകളാണ് പൊലീസ് കണ്ടെത്തി. ഏകദേശം 1.5 കോടി രൂപ വിലമതിക്കുന്ന ഫോണുകൾ മധ്യപ്രദേശിലെ ബർവാനി ജില്ലയിലെ ജുൽവാനിയ പട്ടണത്തിലുള്ള ഒരു വീട്ടിൽ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു.
മോഷ്ടിച്ച ഫോണുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ സഫാൻ ഖാൻ എന്നയാൾ മൊഹ്സിൻ എന്ന വ്യക്തിക്ക് കൊറിയർ വഴി അയച്ചുനൽകിയതാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
സംഭവത്തിൽ നിർണായകമായ മറ്റൊരു അറസ്റ്റ് നടന്നത് മുംബൈ വിമാനത്താവളത്തിന് സമീപമാണ്. മോഷ്ടിച്ച ഫോണുകൾ കൈമാറിയെന്ന് സംശയിക്കുന്ന സഫാൻ ഖാനെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുനിന്നാണ് പൊലീസ് പിടികൂടിയത്. ഒക്ടോബർ 31-നും നവംബർ 1-നും ഇടയിലായിരുന്നു റായ്പൂരിലെ മറൈൻ ഡ്രൈവിലുള്ള ഐ നെക്സ്റ്റ് ഇന്നൊവേഷൻ ആപ്പിൾ സ്റ്റോറിൽ മോഷണം നടന്നത്. ഷട്ടർ ഉയർത്തി അകത്തുകടന്ന മോഷ്ടാക്കൾ 173 ഐഫോണുകളും, ആപ്പിൾ വാച്ചുകളും, എയർപോഡുകളും, ഹെഡ്ഫോണുകളുമടക്കം ഏകദേശം രണ്ട് കോടി രൂപയുടെ ഉപകരണങ്ങളാണ് കവർന്നത്. കടയിലെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ഡിവിആറും മോഷ്ടാക്കൾ കൊണ്ടുപോയിരുന്നു.
എന്നാൽ സിസിടിവി ദൃശ്യങ്ങൾ കുറവായിരുന്നിട്ടും പൊലീസ് അന്വേഷണം ഉപേക്ഷിച്ചില്ല. 250 കിലോമീറ്ററിലധികം ദൂരത്തെ ആയിരത്തിലധികം സിസിടിവി ദൃശ്യങ്ങളും 1,100 മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങളും പത്തുലക്ഷത്തിലധികം മൊബൈൽ നമ്പറുകളുമായി ബന്ധപ്പെട്ട വിവരങ്ങളും പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഒരു ബൈക്കും അന്വേഷണത്തിൽ നിർണായകമായി. നാല് സംസ്ഥാനങ്ങളിലായി 25 ദിവസം നീണ്ട അന്വേഷണത്തിൽ 40-ലധികം ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
സംഭവത്തിൽ മധ്യപ്രദേശിലെ ദേവാസ് സ്വദേശിയായ രാജേഷ് അജയ് സിങ് ജാലയും സഫാൻ ഖാനും അറസ്റ്റിലായിട്ടുണ്ട്. മകൻ രാജ് ജാല, കൂട്ടാളി രാജേഷ് ലോധി എന്നിവരോടൊപ്പം മോഷണം നടത്തിയെന്നാണ് രാജേഷ് ജാലയുടെ മൊഴിയെന്ന് പൊലീസ് പറയുന്നു. മോഷ്ടിച്ച ഫോണുകൾ ഇൻഡോറിൽ വെച്ച് സഫാൻ ഖാന് കൈമാറിയതായും അന്വേഷണ സംഘം സംശയിക്കുന്നു. അതേസമയം, രാജ് ജാലയും രാജേഷ് ലോധിയും ഇപ്പോഴും ഒളിവിലാണ്. മോഷ്ടിച്ച ആപ്പിൾ ഉപകരണങ്ങൾ നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കും കടത്തിയിട്ടുണ്ടോ എന്നും മറ്റ് ആപ്പിൾ സ്റ്റോർ മോഷണങ്ങളുമായി ഈ സംഘത്തിന് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.


