സൗദി ദക്ഷിണ മേഖലക്ക് നേരെ ഹൂതി ഡ്രോൺ ആക്രമണ ശ്രമം; യമനിൽ 50 സൈനിക കേന്ദ്രങ്ങൾ തകർത്ത് സഖ്യസേന

റിയാദ്: സൗദി അറേബ്യയുടെ ദക്ഷിണ മേഖല ലക്ഷ്യമാക്കി ഹൂതി ഭീകരർ തൊടുത്തുവിട്ട ഡ്രോൺ വിജയകരമായി തടഞ്ഞു നശിപ്പിച്ചതായി യെമനിലെ ഭരണകൂടത്തെ പിന്തുണക്കുന്ന സഖ്യസേന അറിയിച്ചു. സഖ്യസേനാ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വ്യാഴാഴ്ച ജിസാൻ എണ്ണ ശുദ്ധീകരണശാലക്ക് (റിഫൈനറി) നേരെ ഹൂതി ഭീകരർ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി, ആക്രമണത്തിന് ഉപയോഗിച്ച ഹുദൈദയിലെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തറ സഖ്യസേന തകർത്തു.

സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യം വെക്കുന്നതിനെതിരെ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് സഖ്യസേന മുന്നറിയിപ്പ് നൽകി. ഇതിന് പുറമെ, ഹൂതി ഭീകരരുടെ സൈനിക ശേഷി തകർക്കുന്നതിനായി സന, ഹുദൈദ, സഅദ എന്നീ പ്രവിശ്യകളിലായി 50 സൈനിക കേന്ദ്രങ്ങൾ സഖ്യസേന പ്രത്യേക സൈനിക നീക്കത്തിലൂടെ നശിപ്പിച്ചു.

റിയാദിന് നേരെ ഹൂതികൾ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി എത്തിയ രണ്ട് ഡ്രോണുകളും വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തടഞ്ഞു നശിപ്പിച്ചു. നേരത്തെ ജിസാൻ തുറമുഖത്ത് ഹൂതികൾ തൊടുത്തുവിട്ട പ്രൊജക്ടൈൽ പതിച്ച് ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. സംഭവത്തിൽ സാധാരണക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും പതിച്ച വസ്തു ഏത് തരത്തിലുള്ളതാണെന്ന് പരിശോധിച്ചുവരികയാണെന്നും മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.

അബഹ നഗരത്തിൽ അപകടസാധ്യത മുന്നിൽക്കണ്ട് ദേശീയ മുന്നറിയിപ്പ് സംവിധാനം വഴി സിവിൽ ഡിഫൻസ് നേരത്തെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. മിനിറ്റുകൾക്ക് ശേഷം അബഹയിലും ഖമീസ് മുശൈത്തിലും ഭീഷണി ഒഴിഞ്ഞതായി സിവിൽ ഡിഫൻസ് ഔദ്യോഗികമായി അറിയിച്ചു.

മുന്നറിയിപ്പ് നൽകുന്ന സമയങ്ങളിൽ പൗരന്മാരും താമസക്കാരും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു. തുറസ്സായ സ്ഥലങ്ങൾ, ജനാലകൾക്ക് സമീപം, ബാൽക്കണികൾ, കെട്ടിടങ്ങളുടെ മേൽക്കൂരകൾ എന്നിവിടങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്നതിന്റെയോ അവ പതിക്കുന്ന സ്ഥലങ്ങളുടെയോ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കർശനമായി വിലക്കിയിട്ടുണ്ട്. ഇത്തരം വിവരങ്ങൾ പങ്കുവെക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Share