ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക്; പ്രകോപിതരായ ഭര്ത്താക്കൻമാര് കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി
റാഞ്ചി: ജാർഖണ്ഡിലെ ഗുംലയിൽ ഭാര്യമാരെ കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരന്മാരെ അറസ്റ്റ് ചെയ്തു. യുവതികൾ തമ്മിൽ നിരന്തരം വഴക്കിട്ടതിൽ പ്രകോപിതരായാണ് ഭര്ത്താക്കൻമാര് ഈ കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ആംബുലൻസ് ഡ്രൈവറായ ശിവശങ്കർ സാഹുവും സഹോദരൻ നവീൻ സാഹുവുമാണ് കേസിലെ പ്രതികൾ. മിനി പ്രിയ (28), രാധിക കുമാരി (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ മഴു ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ ആംബുലൻസിൽ അയൽ ജില്ലയായ സിംദേഗയിലെ വനത്തിലേക്ക് കൊണ്ടുപോയി സംസ്കരിച്ചുവെന്ന് ഗുംല പൊലീസ് സൂപ്രണ്ട് ഹാരിസ് ബിൻ സമ പറഞ്ഞു.
തര്‍ക്കത്തിൽ സഹോദരൻമാര് അസ്വസ്ഥരായിരുന്നു. എന്നാൽ കൊലപാതകത്തിന് രണ്ട് ദിവസം മുൻപ് ഇവര്‍ അനുരഞ്ജനത്തിലെത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഭാര്യമാര്‍ തങ്ങളെ ഉപേക്ഷിച്ചുപോയെന്നാണ് ശിവശങ്കറും നവീനും പൊലീസിനോട് പറഞ്ഞത്. എന്നാൽ, തുടർച്ചയായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് മൃതദേഹങ്ങൾ കണ്ടെത്തി പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ മിനിയുടെയും രാധികയുടെയും കുടുംബാംഗങ്ങൾ അവരോട് സംസാരിച്ചിരുന്നു. അപ്പോൾ അസാധാരണമായി ഒന്നും തോന്നിയിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. കൊലപാതകത്തിന് ഉപയോഗിച്ച മഴുവും മൃതദേഹങ്ങൾ കൊണ്ടുപോയ ആംബുലൻസും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളുടെ മാതാപിതാക്കളായ സമേശ്വർ സാഹു, തിലേശ്വരി ദേവി എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.


