ധനരാജ് വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം
കണ്ണൂര്‍: പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ. പ്രതികളായ ടി പി ബിജു, എം വിപിന്‍, എം വൈശാഖ് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. പ്രതികള്‍ അഞ്ച് ലക്ഷം രൂപ പിഴയടക്കണം. മൂന്ന് പ്രതികളും ചേര്‍ന്ന് 15 ലക്ഷം രൂപ നല്‍കണമെന്നും ഈ തുക ധനരാജിന്റെ കുടുംബത്തിന് നല്‍കണമെന്നും കോടതി പറഞ്ഞു.
മറ്റു വകുപ്പുകളിലായി അഞ്ച് വര്‍ഷം തടവും നാല് ലക്ഷം രൂപ പിഴയടക്കുകയും വേണം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് തടവ് അനുഭവിക്കേണ്ടത്. ധനരാജിന്റെ കൊലപാതകം അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. തളിപ്പറമ്പ് അഡീ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
വീട്ടില്‍ അതിക്രമിച്ച് കടന്നതിന് മൂന്ന് മാസവും അമ്മയെ ആക്രമിച്ചതിന് ഒരു വര്‍ഷവും ഭാര്യ, അമ്മ എന്നിവരെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതിന് ഒരു മാസവും ആയുധം കൊണ്ട് ആക്രമിച്ചതിന് നാല് വര്‍ഷവും കൊലപാതകത്തിന് ജീവപര്യന്തം തടവുമാണ് പ്രതികള്‍ അനുഭവിക്കേണ്ടത്.
കേസില്‍ 20 പ്രതികളാണുണ്ടായിരുന്നത്. കേസിലെ പന്ത്രണ്ടാം പ്രതിയായ ചൂരക്കാട് ബിജു വിചാരണക്കാലയളവില്‍ ഒരു വര്‍ഷത്തിന് ശേഷം കൊല്ലപ്പെട്ടിരുന്നു. ശേഷിക്കുന്ന 16 പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വെറുതെവിട്ടു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഒന്നാം സാക്ഷിയുടെ മൊഴിയി വിശ്വാസയോഗ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
2016 ജൂലൈ 11നാണ് ധനരാജ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് മടങ്ങുകയായിരുന്ന ധനരാജിനെ രാത്രി 9.45ഓടെ രണ്ട് ബൈക്കുകളിലെത്തിയ സംഘം പിന്തുടര്‍ന്ന് വീടിന് സമീപത്ത് വെച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന്റെ പിന്‍ഭാഗത്തുവെച്ച് വെട്ടിവീഴ്ത്തി. അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ടായിരുന്നു കൊലപാതകം.
….


