റാസല്‍ഖൈമ അപകടം: മൂന്ന് മലയാളികളടക്കം ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു
റാസല്‍ഖൈമ: ചൊവ്വാഴ്ച പുലര്‍ച്ചെ റാസല്‍ഖൈമയില്‍ നടന്ന അപകടത്തില്‍ മരണപ്പെട്ടവരില്‍ മൂന്ന് മലയാളികൾ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു.
കണ്ണൂര്‍ തലശ്ശേരി സ്വദേശിനി സങ്കീര്‍ത്ത സുരേഷ് (26), കാസര്‍കോട് അറ്റങ്ങനം പാറക്കല്‍ വീട്ടില്‍ അഷ്റഫ് കൊളങ്ങരടി (53), കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഹേമന്ത് (29), ആന്ധ്ര സ്വദേശി വിനോദ് കുമാര്‍ (31), തമിഴ്നാട് സ്വദേശി ഗോവിന്ദ്, ഗുജറാത്ത് സ്വദേശി ജിഗ്നേഷ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
റാക് പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മരണപ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളും തിരിച്ചറിയുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികളും ആരംഭിച്ചു.
ദുബൈയില്‍ താമസിച്ചിരുന്ന തലശ്ശേരി പന്ന്യന്നൂര്‍ സ്വദേശി സങ്കീര്‍ത്ത സുരേഷ്, പുതിയ ജോലിയില്‍ പ്രവേശിക്കാനായി ഒമാനില്‍ പോയി വിസമാറി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ദുബൈയിലാണ് താമസിച്ചിരുന്നത്.
കാസര്‍കോട് സ്വദേശി അഷ്റഫ് വര്‍ഷങ്ങളായി യു.എ.ഇയില്‍ പ്രവാസം നയിച്ചുവരികയായിരുന്നു. പുതിയ വിസയിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് അഷ്റഫും ഹേമന്തും ഒമാനില്‍ പോയത്.
മുഹമ്മദ് കുഞ്ഞി-പാത്തുമ്മ ദമ്പതികളുടെ മകനാണ് അഷ്റഫ് കൊളങ്ങരടി. ജമീല ഭാര്യയാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ച ബസ് റാസല്‍ഖൈമ അല്‍വതന്‍ റോഡില്‍ സാങ്കേതിക തകരാര്‍ മൂലം നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ചതാണ് 13 പേരുടെ ദാരുണ മരണത്തില്‍ കലാശിച്ചത്. 41 യാത്രക്കാരുമായി സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വിവിധ എമിറേറ്റുകളില്‍ നിന്നുള്ള രക്ഷാസംഘങ്ങള്‍ സ്ഥലത്തെത്തിയാണ് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തിയത്. അല്‍മുനായ് പൊലീസ് സ്റ്റേഷനിലെ പ്രത്യേക സംഘം, റാക് പൊലീസിലെ തിരച്ചില്‍-രക്ഷാപ്രവര്‍ത്തന വിഭാഗം, ഹത്ത പൊലീസ് പട്രോള്‍ സംഘം എന്നിവര്‍ക്കൊപ്പം നാഷനൽ ആംബുലൻസ്, ദുബൈ ആംബുലന്‍സ് വിഭാഗം, ദുബൈ, ഖദ്റ അഗ്നിശമന സംഘം എന്നിവരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
അപകടത്തിന്‍റെ യഥാര്‍ഥ കാരണം ഉള്‍പ്പെടെയുള്ളവ കണ്ടെത്തുന്നതിന് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്‍റെ സാഹചര്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ ദുബൈ കോൺസുലേറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുകയും ചെയ്തു.


