‘ഇറാനെ ആക്രമിക്കുന്നത് തുടരും; വെടിനിർത്തൽ ബാധകം ഊർജ കേന്ദ്രങ്ങൾക്ക് മാത്രം’

ടെഹ്റാൻ: രാജ്യത്തെ രണ്ട് പ്രധാന ഊർജ കേന്ദ്രങ്ങളിൽ യുഎസും ഇസ്രയേലും വ്യോമാക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിലെ വൈദ്യുതി നിലയങ്ങൾക്കും ഊർജോൽപാദന കേന്ദ്രങ്ങള്‍ക്കുമെതിരെ 5 ദിവസത്തേക്ക് ആക്രമണം ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.

ഇറാൻ ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനകം തുറന്നില്ലെങ്കിൽ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുമെന്നായിരുന്നു ട്രംപ് നേരത്തേ പറഞ്ഞിരുന്നത്. പിന്നീടാണ് നിലപാടിൽ മാറ്റം വരുത്തിയത്. ട്രംപിന്റെ പ്രസ്താവനകളെ തള്ളുന്ന രീതിയിലാണ് ഇറാൻ മാധ്യമങ്ങളുടെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഇസ്രയേലോ യുഎസോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

അതിനിടെ കരയുദ്ധം നടത്തിയാൽ പേർഷ്യൻ ഉൾക്കടലിൽ വ്യാപകമായി മൈനുകൾ വിതയ്ക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തി. ഇതു സംഭവിച്ചാൽ ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പൂർണമായി നിലയ്ക്കും. കരയുദ്ധത്തിന് ഇപ്പോൾ പദ്ധതിയൊന്നുമില്ലെന്നാണു ട്രംപിന്റെ നിലപാട്. എന്നാൽ, കരയുദ്ധത്തിനും ഒരുക്കമാണെന്നാണ് ഇസ്രയേൽ നിലപാട്.

ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാൻ നിരവധി മിസൈലുകൾ അയച്ചതായി ഇസ്രയേൽ സൈന്യം. ടെൽ അവീവ് ഉൾപ്പെടെ ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽ സൈറണുകൾ മുഴങ്ങി. വ്യോമപ്രതിരോധ സംവിധാനങ്ങൾ ഈ മിസൈലുകളെ നേരിടുന്നതിന്റെ സ്ഫോടനശബ്ദങ്ങളും പലയിടത്തുനിന്നും കേട്ടു. തകർന്ന മിസൈലുകളുടെ അവശിഷ്ടങ്ങൾ താഴെവീണ് വടക്കൻ ഇസ്രയേലിലെ ഏതാനും വീടുകൾ തകർന്നിട്ടുണ്ട്. ആളപായം ഉണ്ടായിട്ടില്ല.

Share
error: Content is protected !!