പാലക്കാട് സ്കൂളിൽ ഒൻപതാം ക്ലാസുകാരന് വെടിയേറ്റു; തോക്ക് കൊണ്ടുവന്നത് സഹപാഠി
തൃത്താല: പാലക്കാട്ട് പരുതൂർ ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് സ്കൂളിൽവച്ച് വെടിയേറ്റു. സഹപാഠി കൊണ്ടുവന്ന തോക്കിൽനിന്നാണ് ചൊവ്വാ രാവിലെ 11.45 ഓടെ വെടിയേറ്റത്. തോളെല്ലിനും കൈയ്ക്കും ഇടയിലായി കക്ഷത്തിന്റെ ഭാഗത്തു വെടിയേറ്റ കുട്ടിയെ ഉടൻ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരുക്ക് ഗുരുതരമല്ലെന്നാണു സൂചന. വെടിവയ്ക്കാൻ ഉപയോഗിച്ചത് നാടൻ തോക്കാണെന്നാണ് പൊലീസിൽനിന്നു ലഭിക്കുന്ന വിവരം. തോക്ക് തൃത്താല പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അതേസമയം, സ്കൂൾ വിദ്യാർഥിക്ക് തോക്ക് എവിടെനിന്നു ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വളരെ പഴക്കം ചെന്ന തോക്കാണെന്നാണു വിവരം. തോക്കുമായി എത്തിയ വിദ്യാർഥിയുടെ രക്ഷിതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
…


