റിയാദിൽ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു: രണ്ട് ഇന്ത്യക്കാരടക്കം മൂന്നു മരണം
റിയാദ്: റിയാദിൽ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് മൂന്ന് മരണം. 38 പേർക്ക് പരിക്കേറ്റു. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താൻ പൗരനുമാണ് മരിച്ചത്. ഉത്തർപ്രദേശ് സ്വദേശികളായ അൻവർ ഹുസ്സൈൻ (53), ഷക്കീൽ അഹമ്മദ് ഷാ (48) എന്നിവരാണ് മരിച്ച ഇന്ത്യക്കാർ.
ബസ് ഡ്രൈവറായ പാകിസ്‌താൻ സ്വദേശി മുഹമ്മദ് ഉമർ മുഹമ്മദ് (28) ആണ് മരണപ്പെട്ട മൂന്നാമത്തെ വ്യക്തി. ഇന്നലെ റിയാദ്- മക്ക റോഡിലെ റുവൈദയിലാണ് അപകടം. ദമ്മാമിൽ നിന്ന് ഉംറ നിർവഹിക്കാൻ പുറപ്പെട്ട സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വാഹനത്തിൽ ആറ് ഇന്ത്യക്കാരുൾപ്പടെ 44 പേർ ഉണ്ടായിരുന്നു.
മരണപ്പെട്ടവരുമായി ബന്ധപ്പെട്ട തുടർനടപടികൾ പൂർത്തിയാക്കുന്നതിനായി സാമൂഹ്യ പ്രവർത്തകരായ സിദ്ദിഖ് തുവ്വൂർ, ജലീൽ റുവൈദ എന്നിവർ രംഗത്തുണ്ട്.


