ഹൂതികൾ പ്രയോഗിച്ചത് പുതുതന്ത്രം, പിന്നിൽ ഇറാനും ചൈനയും?

അതിർത്തികളും തന്ത്രപ്രധാന കേന്ദ്രങ്ങളും സംരക്ഷിക്കാൻ ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയതും അത്യാധുനികവുമായ വ്യോമപ്രതിരോധ സംവിധാനങ്ങളാണ് സൗദി അറേബ്യ സജ്ജമാക്കിയിരിക്കുന്നത്.

എന്നാൽ, യെമനിലെ ഹൂതികൾ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ മേഖലയിലെ സുരക്ഷാ സമവാക്യങ്ങളെയാകെ മാറ്റിമറിക്കുകയാണ്. അടുത്തിടെ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഉണ്ടായ മാരകമായ ആക്രമണം നിലവിലെ പ്രതിരോധ സംവിധാനങ്ങളുടെ പരിമിതികളെയും ഹൂതികളുടെ മാറുന്ന യുദ്ധതന്ത്രങ്ങളെയുമാണ് വീണ്ടും ആഗോള ശ്രദ്ധയിൽ എത്തിച്ചിരിക്കുന്നത്.

∙ വിമാനത്താവളങ്ങളെ ലക്ഷ്യമിടുന്ന ആക്രമണ തന്ത്രം

സെപ്റ്റംബറിൽ സൗദിക്കെതിരെ ഹൂതികൾ പുതിയ സൈനിക നീക്കം ആരംഭിച്ചതിനുശേഷം, റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം ഒന്നിലധികം തവണ ആക്രമിക്കപ്പെട്ടു. ശനിയാഴ്ച വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്.

ഈ ദാരുണ സംഭവത്തെത്തുടർന്ന് സൗദി അറേബ്യൻ സിവിലിയൻ ഏവിയേഷൻ അതോറിറ്റി വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുകയും സർവീസുകൾ തിരിച്ചുവിടുകയും ചെയ്തു. തുടർന്ന്, യുഎസും ബ്രിട്ടനും തങ്ങളുടെ പൗരന്മാർക്ക് കർശനമായ യാത്രാ മുന്നറിയിപ്പുകൾ നൽകി. വിമാനത്താവളത്തിന് നേരെ മുൻപും നടന്ന രണ്ട് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തിട്ടുണ്ട്. സൗദിയിലെ വിമാനത്താവളങ്ങളിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് ഞായറാഴ്ച ഹൂതി വക്താക്കൾ മുന്നറിയിപ്പും നൽകി. സൗദി അറേബ്യൻ സമ്പദ്‌വ്യവസ്ഥയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നട്ടെല്ലായ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഭീതി സൃഷ്ടിക്കുക എന്ന തന്ത്രമാണ് ഹൂതികൾ ഇവിടെ പയറ്റുന്നത്.

∙ ഹൂതികളുടെ ആയുധശേഖരവും സാങ്കേതിക മുന്നേറ്റവും

2014 സെപ്റ്റംബറിൽ യെമൻ തലസ്ഥാനമായ സനാ പിടിച്ചെടുത്തതുമുതലാണ് ഹൂതി ഗ്രൂപ്പിന്റെ ആയുധ ശേഷിയിൽ വൻ വളർച്ച പ്രകടമാകാൻ തുടങ്ങിയത്. തുടക്കത്തിൽ ലളിതമായ ആയുധങ്ങൾ മാത്രം കൈവശമുണ്ടായിരുന്ന ഇവർ, ഇന്ന് സൗദിയിലെയും ഇസ്രയേലിലെയും വിദൂര ലക്ഷ്യസ്ഥാനങ്ങളിലേക്ക് വരെ കൃത്യതയോടെ ആക്രമണം നടത്താൻ ശേഷിയുള്ള സൈനിക ശക്തിയായി മാറി.

∙ ഹൂതികളുടെ കൈവശമുള്ള പ്രധാന ആയുധങ്ങൾ

1. പാലസ്തീൻ-2 (Palestine-2): 2,000 കിലോമീറ്റർ വരെ പരിധിയുള്ള, രണ്ട് ഘട്ടങ്ങളുള്ള ഖരഇന്ധന ഹൈപ്പർസോണിക് ശേഷിയുള്ള മധ്യദൂര ബാലിസ്റ്റിക് മിസൈലാണിത്.
2. തൂഫാൻ: ഇറാന്റെ ‘ഖദർ’ (Ghadr) മിസൈലിന്റെ പുനർനാമകരണം ചെയ്ത പതിപ്പാണിതെന്ന് കരുതപ്പെടുന്നു. ഇതിന് 1,350 കിലോമീറ്റർ മുതൽ 1,950 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. ഇസ്രയേലിലെ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ഇവർ ഇത്തരം മിസൈലുകൾ ഉപയോഗിച്ചിട്ടുണ്ട്.
3. ബർക്കൻ, ബദർ സീരീസുകൾ: സൗദിക്കെതിരെയുള്ള അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്ക് പ്രധാനമായും ഉപയോഗിക്കുന്നത് ഈ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ്.

4. ലോയിട്ടറിങ് ക്രൂസ് മിസൈലുകൾ: ഇറാനിയൻ റെവലൂഷണറി ഗാർഡ് കോറിന്റെ (ഐആർജിസി) സഹായത്തോടെ ഹൂതികൾ പുതിയ തരം ക്രൂസ് മിസൈലുകൾ വികസിപ്പിക്കുന്നതായി യെമൻ സർക്കാർ ആരോപിക്കുന്നു.
5. ആക്രമണ ഡ്രോണുകൾ: ഡ്രോണുകളും മിസൈലുകളും വ്യത്യസ്ത വേഗത്തിൽ ഒരുമിച്ച് പ്രയോഗിക്കുന്ന തന്ത്രമാണ് ഹൂതികൾ ഉപയോഗിക്കുന്നത്. ഇത് ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു.

ഹൂതികളുടെ മിസൈൽ ശേഖരം പ്രധാനമായും ഇറാനിയൻ സാങ്കേതികവിദ്യയെ ആശ്രയിച്ചുള്ളതാണ്, ഒപ്പം ചില ചൈനീസ് സാങ്കേതികസ്വാധീനവുമുണ്ട്. ഹൂതികൾ സ്വന്തമായി വലിയ സാങ്കേതിക വിപ്ലവങ്ങളൊന്നും നടത്തുന്നതായി തെളിവുകളില്ല. കുറഞ്ഞ ശേഷിയുള്ള ഡ്രോണുകളും മിസൈലുകളും പ്രാദേശികമായി നിർമിക്കുന്നതിൽ മാത്രമാണ് അവരുടെ ആഭ്യന്തര ശേഷി ഒതുങ്ങുന്നത് എന്നാണ് സുരക്ഷാ വിശകലന വിദഗ്ധരുടെ നിഗമനം.

∙ യുഎസ് പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെട്ടോ?

യുഎസ് നിർമിത പാട്രിയറ്റ്, താഡ് തുടങ്ങി അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ സൗദിയുടെ കൈവശമുണ്ടായിട്ടും ഹൂതി മിസൈലുകൾ അതിർത്തി കടക്കുന്നത് എന്തുകൊണ്ടാണ്? സൈനിക വിദഗ്ധർ ഇതിന് ചില വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

1. ഭൂമിശാസ്ത്രപരമായ വിസ്തൃതി: യെമനുമായി വളരെ നീളമേറിയ അതിർത്തി പങ്കിടുന്ന വലിയൊരു രാജ്യമാണ് സൗദി അറേബ്യ. എത്രതന്നെ മൾട്ടി-ലേയേർഡ് വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉണ്ടായാലും നൂറു ശതമാനം പ്രതിരോധം അസാധ്യമാണെന്ന് പ്രതിരോധ വിശകലന വിദഗ്ധർ പറയുന്നു. നൂറുകണക്കിന് ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ സൗദി സേന തടയുമ്പോൾ, ചിലത് പ്രതിരോധവ്യൂഹം ഭേദിച്ച് അകത്ത് കടക്കുന്നു.

2. ലക്ഷ്യങ്ങളിലെ മാറ്റവും റീ-ഓറിയന്റേഷനും: സൗദിയുടെ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പ്രധാനമായും ഇറാനിൽ നിന്നുള്ള ഭീഷണികളെ ചെറുക്കാനാണ് കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ഹൂതി ആക്രമണം ശക്തമായതോടെ, പ്രതിരോധ സംവിധാനങ്ങൾ യെമൻ അതിർത്തിയിലേക്ക് മാറ്റാൻ സൗദി നിർബന്ധിതരായി.

3. ഇന്റർസെപ്റ്റർ മിസൈലുകളുടെ ക്ഷാമം: ഹൂതികൾ നിരന്തരം ഡ്രോണുകളും കുറഞ്ഞ ചെലവിലുള്ള മിസൈലുകളും അയക്കുമ്പോൾ, അവയെ തകർക്കാൻ ലക്ഷക്കണക്കിന് ഡോളർ വിലയുള്ള പാട്രിയറ്റ് ഇന്റർസെപ്റ്ററുകളാണ് സൗദിക്ക് ഉപയോഗിക്കേണ്ടി വരുന്നത്. മുൻപ് ഇറാനുമായുള്ള സംഘർഷ സമയത്ത് വൻതോതിൽ ഉപയോഗിച്ചതിനാൽ യുഎസിനും സഖ്യകക്ഷികൾക്കും പാട്രിയറ്റ്, താഡ് മിസൈലുകളുടെ സ്റ്റോക്കിൽ ക്ഷാമം നേരിടുന്നുണ്ട്. വ്യോമപ്രതിരോധ സഹായത്തിനായി സൗദി മറ്റു സുഹൃദ് രാജ്യങ്ങളെ സമീപിച്ചതായി റിപ്പോർട്ടുകളുണ്ട്.

Share