ഫ്ലൈ ദുബായ് സംഭവം: പരുക്കേറ്റ ഇന്ത്യൻ പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമെന്ന് എംബസി
റിയാദ്: ഫ്ലൈദുബായ് വിമാനത്തിന്റെ, സൗദി അറേബ്യയിലെ തബൂക്കിലുള്ള ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരുക്കേറ്റ ഇന്ത്യൻ പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും അറിയിച്ചു.
ദുബായിൽനിന്ന് ടെൽ അവീവിലേക്കു പറന്ന ഫ്ലൈ ദുബായ് എഫ്‌സെഡ് 1073 വിമാനത്തിലുണ്ടായ സുരക്ഷാപ്രശ്നത്തെത്തുടർന്ന് തബൂക്കിൽ അടിയന്തര ലാൻഡിങ് നടത്തേണ്ടിവന്ന സംഭവത്തിലാണ് വിമാനത്തിലെ ഇന്ത്യൻ പൈലറ്റായ സ്മിത് മച്ചാർക്ക് പരുക്കേറ്റത്.
വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ ഉണ്ടായ തർക്കത്തെയും തുടർന്നുണ്ടായ സുരക്ഷാപ്രശ്നത്തെയും തുടർന്നാണ് യാത്ര തടസ്സപ്പെട്ടതും വിമാനം അടിയന്തരമായി സൗദി അറേബ്യയിലേക്ക് തിരിച്ചുവിട്ടതും. പരുക്കേറ്റ സ്മിത് മച്ചാറിന്റെ ചികിത്സ സംബന്ധിച്ച കാര്യങ്ങൾ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്ന് എംബസി വ്യക്തമാക്കി. അദ്ദേഹത്തിന്റെ കുടുംബവുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ആരോഗ്യസ്ഥിതി പൂർണമായും വീണ്ടെടുക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും സൗദി അധികൃതരുമായി ചേർന്ന് ഉറപ്പാക്കുന്നുണ്ടെന്നും എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
യുഎഇ ജനറൽ സിവില്‍ ഏവിയേഷൻ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് വിമാനം അടിയന്തരമായി തബൂക്ക് വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും ജീവനക്കാരും പൂർണ സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. തബൂക്കിൽ കുടുങ്ങിയ യാത്രക്കാരെ ലക്ഷ്യസ്ഥാനമായ ടെൽ അവീവിലേക്ക് എത്തിക്കുന്നതിനായി കമ്പനി രണ്ട് പകരക്കാരൻ വിമാനങ്ങൾ ഏർപ്പെടുത്തി നൽകി. സംഭവം നടക്കാനുണ്ടായ കാരണങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും അന്വേഷണ സംഘങ്ങൾ വിശദമായി പരിശോധിച്ച് റിപോർട്ട് തയാറാക്കിവരികയാണെന്ന് യുഎഇ സിവില്‍ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.
…


