വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തിന്റെ ഔദ്യോഗിക വിവരങ്ങളാണ് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി
റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെയുണ്ടായ ഇരട്ട ആക്രമണത്തിൽ സൗദിയ എയർലൈൻസ് പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു.
ഇന്ത്യക്കാരടക്കം നിരവധി വിദേശികൾക്കും സൗദി പൗരന്മാർക്കും പരുക്കേറ്റു. നിലവിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.
വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തിന്റെ ഔദ്യോഗിക വിവരങ്ങളാണ് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ടത്. രണ്ട് ഘട്ടങ്ങളായാണ് വിമാനത്താവളത്തിൽ ആക്രമണമുണ്ടായത്. വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയായിരുന്നു ആദ്യ ആക്രമണം. തുടർന്ന് റൺവേയിലുണ്ടായിരുന്ന സൗദിയ വിമാനത്തിന് നേരെ രണ്ടാമത്തെ ആക്രമണമുണ്ടായി. ആക്രമണത്തിൽ സൗദിയ എയർലൈൻസ് പൈലറ്റ് ക്യാപ്റ്റൻ ഹമൂദ് അലി അൽഖൽത്താമി ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു.
സംഭവസമയത്ത് വിമാനത്തിൽ യാത്രക്കാർ ആരുമുണ്ടായിരുന്നില്ലെന്ന് സൗദിയ എയർലൈൻസ് വ്യക്തമാക്കി. ആക്രമണത്തിൽ പരുക്കേറ്റ വിദേശികളെയും സ്വദേശികളെയും ഉടനടി ആശുപത്രികളിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി. ആക്രമണത്തെ തുടർന്ന് നിരവധി വിമാന സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തിരുന്നു. സുരക്ഷാ ഏജൻസികളുമായി ചേർന്ന് മുൻകരുതലുകൾ സ്വീകരിച്ചതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലായതായി അതോറിറ്റി അറിയിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും, യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി വിമാന സർവീസുകളുടെ സമയം കമ്പനികളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദേശിച്ചു.
….


