സൗദി വിമാനത്താവളങ്ങളിൽ നിന്ന് വിട്ടുനിൽക്കുക: യാത്രക്കാർക്ക് ഹൂതികളുടെ മുന്നറിയിപ്പ്
ജിദ്ദ: സൗദി വിമാനത്താവളങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ യെമനിലെ ഹൂതികൾ വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും വിമാനത്താവള ജീവനക്കാർക്കും മുന്നറിയിപ്പ് നൽകി.
“സൗദി വിമാനത്താവളങ്ങളും വ്യോമപാതയും ആക്രമണസാധ്യതയുള്ളതും ഞങ്ങളുടെ സേനയുടെ പ്രവർത്തനമേഖലയായി മാറിയതുമായതിനാൽ, അവ ഉപയോഗിക്കുന്നതിനെതിരെ എല്ലാ വിമാനക്കമ്പനികൾക്കും വിദഗ്‌ധർക്കും ജീവനക്കാർക്കും യാത്രക്കാർക്കും ഞങ്ങൾ മുന്നറിയിപ്പ് ആവർത്തിക്കുന്നു. മക്ക, മദീന (വിശുദ്ധ നഗരങ്ങൾ) എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ ഇതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു,” ഹൂതികൾ ‘എക്സ്’ പ്ലാറ്റ്ഫോമിലെ പോസ്റ്റിൽ പറഞ്ഞു.
“ഞങ്ങളുടെ മുന്നറിയിപ്പുകൾ ഗൗരവമായി കാണാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു, ആക്രമണങ്ങൾ തടയാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടാൽ അതിൻ്റെ ഉത്തരവാദിത്തം സൗദി അറേബ്യക്കായിരിക്കും.” ഹൂതികളുടെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒരു ദശാബ്‌ദത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും മാരകമായ ആക്രമണമാണിപ്പോൾ നടന്നത്. ഇറാൻ പിന്തുണയുള്ള ഹൂതികളും സൗദി പിന്തുണയുള്ള യെമൻ സർക്കാർ സേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നതിനിടയിലാണ് ഈ സംഭവം.


