ലക്ഷ്യമിട്ടത് 9/11 മോഡൽ ഭീകരാക്രമണം; ക്യാപ്റ്റനെ വധിച്ച് വിമാനം ടെൽ അവീവിലെ കെട്ടിടത്തിൽ ഇടിച്ചിറക്കാൻ പദ്ധതിയിട്ടു

ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിന്റെ കോ-പൈലറ്റ് ഹമ്മാം അൽ-ഹമ്മാമി സെപ്റ്റംബർ 11 മാതൃകയിലുള്ള ഭീകരാക്രമണം നടത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് റിപ്പോർട്ട്. കോക്പിറ്റിൽ വച്ച് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച ഹമ്മാം അൽ-ഹമ്മാമി അദ്ദേഹത്തെ കൊലപ്പെടുത്തിയശേഷം വിമാനം റാഞ്ചി ടെൽ അവീവിലെ കെട്ടിടത്തിൽ ഇടിച്ചിറക്കി ഭീകരാക്രമണം നടത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു.

ഒമാൻ പൗരനായ ഇയാൾ ഒറ്റയ്ക്കാണ് ഈ ആക്രമണം ആസൂത്രണം ചെയ്തതെന്ന് ഇസ്രയേലിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി സി.ബി.എസ്. ന്യൂസ് റിപ്പോർട്ട് ചെയ്തു. സ്മിത് മച്ചാറിനെ വധിച്ചശേഷം വിമാനത്തിന്റെ എൻജിനുകൾ ഓഫാക്കി ടെൽ അവീവിലെ ഒരു കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചിറക്കാൻ അൽ-ഹമ്മാമി പദ്ധതിയിട്ടിരുന്നതായി ഇറ്റാലിയൻ പത്രത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ക്യാപ്റ്റനെ വകവരുത്തിയശേഷം ഫ്ലൈറ്റ് സാധാരണ നിലയിൽ മുന്നോട്ട് കൊണ്ടുപോകാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് യു.എ.ഇയിൽ അറസ്റ്റിലായി ചോദ്യംചെയ്യലിന് വിധേയനായിക്കൊണ്ടിരിക്കുന്ന അൽ-ഹമ്മാമി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ ലാൻഡിങ്ങിനുള്ള അനുമതി നേടിയശേഷം അവിടെയുള്ള കെട്ടിടത്തിലേക്കോ മറ്റ് വിമാനങ്ങളിലേക്കോ വിമാനം ഇടിച്ചിറക്കാനായിരുന്നു ഇയാളുടെ തീരുമാനമെന്ന് ഇസ്രയേലി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. 

വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ജോർദാനു മുകളിലൂടെ പറക്കുമ്പോഴുള്ള സമയമാണ് ഇയാൾ തിരഞ്ഞെടുത്തിരുന്നത്. സംശയങ്ങൾ ഒഴിവാക്കാനും ആക്രമണം നടത്താൻ ആവശ്യമായ സമയം ലഭിക്കാനും വേണ്ടിയായിരുന്നു ഇത്. നേരത്തെ ജൂലായ് മാസത്തിലും ഇയാൾ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. പക്ഷേ, ഒപ്പമുണ്ടായിരുന്ന ഒരു ജീവനക്കാരനുമായുള്ള സൗഹൃദം കാരണം അവസാന നിമിഷം പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഫ്ലൈ ദുബായിൽ ജോലിചെയ്യുന്നതിനിടെ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ അൽ-ഹമ്മാമി പലതവണ ബെൻ ഗുരിയോൺ വിമാനത്താവളം സന്ദർശിച്ചിരുന്നതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂണിൽ നടത്തിയ സന്ദർശനവേളയിൽ വിവരങ്ങൾ ശേഖരിക്കുന്നതിലും ആക്രമണം ആസൂത്രണം ചെയ്യുന്നതിലുമാണ് ഇയാൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. 

സെപ്റ്റംബർ 30-നാണ് ഇന്ത്യൻ പൈലറ്റായ സ്മിത് മച്ചാറിനെ അൽ-ഹമ്മാമി കോക്പിറ്റിൽ വച്ച് ക്രാഷ് ആക്സ് ഉപയോഗിച്ച് ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തത്. സംഘർഷത്തിനിടെ വിമാനം വെറും രണ്ട് മിനിറ്റിനുള്ളിൽ 36,000 അടി ഉയരത്തിൽനിന്ന് 17,000 അടിയോളം താഴേക്ക് പതിച്ചു. സംഭവം നടക്കുമ്പോൾ 174 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

പരിക്കേറ്റിട്ടും ധൈര്യം കൈവിടാതെ ക്യാപ്റ്റൻ മച്ചാർ കോക്പിറ്റിന്റെ വാതിൽ തുറന്നതോടെയാണ് വൻ ദുരന്തം ഒഴിവായത്. ഇതോടെ വിമാന ജീവനക്കാരും യാത്രക്കാരും കോക്പിറ്റിലേക്ക് ഇരച്ചുകയറുകയും കോ-പൈലറ്റിനെ കീഴടക്കുകയും ചെയ്തു. തുടർന്ന്, വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് ഓഫ്-ഡ്യൂട്ടി പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

….

Share