കുടുംബത്തിലെ അഞ്ചുപേർ മരിച്ച സംഭവം ഭക്ഷ്യവിഷബാധയല്ല, കൂട്ടആത്മഹത്യയെന്ന് പോലീസ്
ലക്നൗ: ഗ്രേറ്റർ നോയിഡയിൽ ഇന്നലെ രാവിലെ കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൂട്ടആത്മഹത്യയെന്ന് പൊലീസ്. നൂഡിൽസിൽ വിഷം ചേർത്ത് കഴിച്ചാണ് മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ ജീവനൊടുക്കിയത്. ഇന്നലെ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് കരുതിയിരുന്നത്.
ഇത്തരത്തിൽ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഭക്ഷ്യവിഷബാധയേറ്റാണ് മരണമെന്ന സംശയത്താൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. സ്വത്ത് തർക്കത്തെ തുടർന്നാണ് കൂട്ടആത്മഹത്യ എന്നാണ് പൊലീസ് ഇപ്പോൾ വ്യക്തമാക്കുന്നത്.
മൂന്നുമുതൽ 11 വയസുവരെയുള്ള മൂന്ന് കുട്ടികളെയും ദമ്പതികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മഹേഷ് (37), ലളിത (35), ലഡ്ഡു (11), മിഷ്തി (7), സാക്ഷത് (3) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം സംബന്ധിച്ച് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് നൂഡിൽസിൽ വിഷം കലർത്തിയാണ് കൂട്ടആത്മഹത്യയെന്ന് തെളിഞ്ഞത്.
മഹേഷിന്റെ ഫോണിൽനിന്നും മരണകാരണം അടങ്ങിയ ഓഡിയോ പൊലീസിന് ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. സഹോദരങ്ങളുമായുള്ള സ്വത്ത് തർക്കത്തെ കുറിച്ചാണ് മഹേഷ് ഇതിൽ പറഞ്ഞിരുന്നത്. കൂടുതൽ അന്വേഷണത്തിനായി രണ്ട് സഹോദരിമാരെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.കുടുംബ സ്വത്ത് പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഏറെനാളായി കുടുംബത്തിൽ തർക്കം നിലനിന്നിരുന്നതായി മഹേഷിന്റെ സഹോദരഭാര്യ നീരജ് ഒരു മാദ്ധ്യമത്തിനോട് വെളിപ്പെടുത്തി. ഇതിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടത്തുന്നത്.


