വ്യാജ പ്രചാരണങ്ങൾക്കെതിരെ മുന്നറിയിപ്പ്: മക്ക ഹറമിൽ പരിഭ്രാന്തി സൃഷ്ടിച്ചയാൾ സുരക്ഷാ വിഭാഗത്തിന്റെ പിടിയിൽ

മക്ക: മക്കയിലെ വിശുദ്ധ ഹറം പള്ളി പരിസരത്ത് ഭീതി പരത്താൻ ശ്രമിച്ചയാളെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഹറമിന്റെ ഒന്നാം നമ്പർ ഗേറ്റിന് സമീപമായിരുന്നു അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. അസ്വാഭാവികമായി പെരുമാറിയ ഇയാൾ അവിടെയുണ്ടായിരുന്ന തീർഥാടകർക്ക് നേരെ ആക്രമണത്തിന് മുതിരുകയായിരുന്നു. എന്നാൽ അപകടമൊന്നും സംഭവിക്കുന്നതിന് മുൻപ് തന്നെ പരിസരത്തുണ്ടായിരുന്ന സുരക്ഷാ സേന ഇയാളെ കായികമായി കീഴ്‌പ്പെടുത്തി നിയന്ത്രണത്തിലാക്കി.

സംഭവത്തെത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പല അഭ്യൂഹങ്ങളും പൊലീസ് പൂർണമായി തള്ളി. പിടിയിലായ ആൾ ചാവേറാണെന്ന തരത്തിലും ഇയാളുടെ പക്കൽ മാരകായുധങ്ങൾ ഉണ്ടായിരുന്നുവെന്നുമുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ആധികാരിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും സുരക്ഷാ വിഭാഗം കർശന നിർദേശം നൽകി.

Share