നെതന്യാഹു തോല്‍വി മണത്തു; ഫ്ലൈദുബായ് സംഭവം ഇസ്രയേലിന്‍റെ ‘ഫോൾസ് ഫ്ലാഗ് ഓപ്പറേഷൻ’

ഫ്ലൈ ദുബായ് സംഭവം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ആസൂത്രണം ചെയ്ത വ്യാജ ഓപ്പറേഷനാണെന്നും ലക്ഷ്യം ഇറാനെതിരെ യുഎസ് സൈനിക നീക്കം ഉറപ്പാക്കലാണെന്നും ഇറാനിയൻ മാധ്യമങ്ങൾ.

തിരഞ്ഞെടുപ്പ് വിജയിക്കാന്‍ ഇസ്രയേലി പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു നടത്തിയ പദ്ധതിയാണ് ഫ്ലൈദുബായ് സംഭവമെന്ന് ഇറാന്‍റ. ഇറാനെതിരെ കുറ്റം ചുമത്താന്‍ നടത്തിയ വ്യാജ ഓപ്പറേഷനാകാം ഫ്ലൈദുബായ് സംഭവമെന്നാണ് ഇറാനിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രയേലിലെ തിരഞ്ഞെടുപ്പില്‍ ജയിക്കാനും ഇറാനെതിരെ ഡൊണാൾഡ് ട്രംപിനെ മറ്റൊരു സൈനികനടപടിയിലേക്ക് വലിച്ചിഴക്കാനുമുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും ഇറാന്‍ വൃത്തങ്ങള്‍ ആരോപിക്കുന്നു. 

ഫ്ലൈദുബായ് സംഭവത്തിനും മൂന്നു ദിവസം മുന്‍പ് മുതിര്‍ന്ന സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി നെതന്യാഹു ചര്‍ച്ച നടത്തിയിരുന്നു. യുഎഇ സന്ദര്‍ശനവേളയിലായിരുന്നു ചര്‍ച്ച. ഇത് ഗൂഢാലോചനയാണെന്ന്  പ്രസ് ടിവി വൃത്തങ്ങളെ  ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. ഇറാനെ പ്രതിസ്ഥാനത്ത് നിര്‍ത്താനും മറ്റൊരു യുഎസ്– ഇറാന്‍ സംഘര്‍ഷം ലക്ഷ്യമിട്ടുള്ള ഈ ഓപ്പറേഷന്‍റെ രൂപകല്‍പനയില്‍ നിരവധി അറബ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു എന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. 

വരുന്ന തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്‍റെ നേതൃത്വത്തിലുള്ള ഭരണമുന്നണിക്ക് ഭൂരിപക്ഷം നേടാനുള്ള സാധ്യത കുറവാണ്. അതിനാല്‍ നെതന്യാഹുവിന്‍റെ ആഭ്യന്തര രാഷ്ട്രീയ താല്‍പര്യത്തിനുവേണ്ടിയാണ് പദ്ധതി തയ്യാറാക്കിയതെന്നുമാണ് ആരോപണം. അതേസമയം, യു.എസ്, ഇസ്രയേല്‍ സൈനിക നീക്കങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ആക്രമങ്ങളെ നേരിടാന്‍ തയ്യാറെടുക്കുകയാണെന്നും ഇറാന്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങളും വീണ്ടും അക്രമിച്ചാല്‍ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ തിരിച്ചടിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

മാധ്യമങ്ങള്‍ക്കു മുന്നില്‍ ഇറാന്‍റെ പങ്കിനെ പറ്റി നേരിട്ടു സംസാരിക്കാന്‍ നെതന്യാഹു തയ്യാറായില്ല. ഇറാനു ഇതില്‍ എന്തെങ്കിലും പങ്കുണ്ടെന്ന് പറയാന്‍ സമയമായിട്ടില്ലെന്നാണ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞത്. എന്നാല്‍ ഒന്നുകൂടി കടന്ന് ഇറാന്‍റെ പങ്കും ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ബന്ധവും ട്രംപ് സ്ഥിരീകരിച്ചു. കോ-പൈലറ്റിന് ഇറാനുമായി ബന്ധമുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, തനിക്കു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ  ‘അതെ’ എന്നാണ് ഉത്തരമെന്നാണ് ട്രംപ് പറഞ്ഞത്. ഐആര്‍ജിസിയുടെ നിർദ്ദേശം ലഭിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു. 

182 യാത്രക്കാരാണ് ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിലെ ഒമാനി പൗരനായ കോ-പൈലറ്റ് വിമാനത്തിന്‍റെ നിയന്ത്രണം കൈക്കലാക്കാന്‍ ക്യാപ്റ്റനായ സ്മിത് മച്ഛാറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സാരമായി പരുക്കേറ്റ് രക്തത്തിൽ കുളിച്ച അവസ്ഥയിലും ക്യാപ്റ്റൻ സ്മിത് മച്ഛാര്‍ പ്രകടിപ്പിച്ച അസാധാരണമായ മനസ്സാന്നിധ്യവും ധീരതയുമാണ് ഒരു വലിയ ദുരന്തം ഒഴിവാക്കിയത്. യാത്രക്കാരുടെയും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരായ പൈലറ്റുമാരുടെയും സഹായത്തോടെയാണ് വിമാനം സൗദിയിലെ തബൂക്കില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു.

….

Share