‘ഒരാഴ്ച കൊണ്ട് വെളുത്തു, പക്ഷേ…; കണ്ണിനും കാലിനും നീര്, പെയിൻകില്ലർ പോലും ഉപയോഗിക്കാനാകാത്ത അവസ്ഥ’: ദുരനുഭവം ഗായകനും
മലപ്പുറം: ഫെയ്സ് ക്രീമിന്റെ ഉപയോഗം തന്നെയും രോഗിയാക്കിയതായി മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ. ശരീരത്തിൽ അണുബാധയുണ്ടായി. കണ്ണിലും കാലിലും നീരുവന്നു. മാസങ്ങളോളം ചികിത്സ നടത്തി. കലാപരിപാടികൾ മാറ്റിവയ്ക്കേണ്ടിവന്നു.
ശാരീരികമായും മാനസികമായും സാമ്പത്തികമായും തകർന്നെന്നും സലീം പറഞ്ഞു. അരീക്കോട് സ്വദേശിയായ 17 വയസ്സുകാരിക്ക് ഫെയ്സ് ക്രീമിലെ അമിത മെർക്കുറി അംശം മൂലം മെംബ്രനസ് നെഫ്രോപ്പതി എന്ന രോഗം ബാധിച്ചെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ഗായകൻ.
‘‘ഒന്നര ബോട്ടില്‍ ക്രീമാണ് താന്‍ ഉപയോഗിച്ചത്, ഒരാഴ്ച കൊണ്ടു തന്നെ നന്നായി വെളുത്തു, ഒന്നര മാസം ഉപയോഗിച്ചപ്പോള്‍ മൂത്രത്തില്‍ അണുബാധ വന്നു, അന്നൊന്നും താനറിഞ്ഞില്ല ഈ ക്രീമിന്റെ ഉപയോഗത്താലാണ് അണുബാധ വന്നതെന്ന്, ആശുപത്രിയില്‍ അഡ്മിറ്റ് ആയി ഒരാഴ്ച ആന്റിബയോട്ടിക് മരുന്നുകള്‍ കഴിച്ചു, പിന്നാലെ ഡിസ്ചാര്‍ജ് ആവുകയും രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ അണുബാധയും കടുത്ത ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടുകയും ചെയ്തു. ഒന്നര മാസത്തോളം ഇങ്ങനെ ആശുപത്രിയുമായി ബന്ധപ്പെട്ട് നിൽക്കേണ്ടി വന്നു.
പിന്നീട് എന്റെ കണ്ണുകളുടെ പോളയിലും കാലുകളിലും നീര് വരാൻ തുടങ്ങി. മാത്രമല്ല മൂത്രത്തില്‍ സര്‍ഫ് അലക്കിയ പോലെ പത കാണപ്പെടാന്‍ തുടങ്ങി. ഡോക്ടറെ കണ്ടപ്പോൾ മൂത്രം പരിശോധിക്കാൻ പറഞ്ഞു. അപ്പോഴാണ് ആൽബമിന്റെ പ്രശ്നമുണ്ടെന്നും പ്രോട്ടീന്‍ ലോസ് എന്നൊരു അവസ്ഥയുണ്ടെന്നും ബോധ്യപ്പെടുന്നത്. ഉടന്‍ തന്നെ ഡോക്ടര്‍ ഒരു നെഫ്രോളജിസ്റ്റിനെ കാണാനായി നിര്‍ദേശിച്ചു.
പിന്നീട് മാസങ്ങളോളം ചികിത്സ നടത്തേണ്ടി വന്നു. അഅങ്ങനെ ഒരു നെഫ്രോളജിസ്റ്റാണ് എനിക്ക് എന്റെ അവസ്ഥ എന്താണെന്ന് പറഞ്ഞു തരുന്നത്. ശരീരത്തിൽനിന്ന് പ്രോട്ടീൻ നഷ്ടപ്പെടുകയാണെന്നും ഇങ്ങനെ പോയാൽ ഒന്നെങ്കിൽ വൃക്ക തകരാറിലാകും അല്ലെങ്കിൽ രക്തം ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാകുമെന്നും പറഞ്ഞു. തുടർന്ന് മാസങ്ങളോളം ചികിത്സ തേടേണ്ടി വന്നു.


