ഇസ്രയേല്‍ സര്‍ക്കാര്‍ രൂപീകരണം; നെതന്യാഹുവിന്റെ പാര്‍ട്ടിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഐസന്‍കോട്ട്
ടെല്‍ അവീവ്: ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള നീക്കങ്ങളുടെ ഭാഗമായി, കാവല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വലതുപക്ഷ പാര്‍ട്ടിയായ ‘ലിക്കുഡ്’ (Likud)നെ സഖ്യചര്‍ച്ചകള്‍ക്ക് ക്ഷണിച്ച് ഗാഡി ഐസന്‍കോട്ട്.
ഐസന്‍കോട്ടിന്റെ സെന്ററിസ്റ്റ് പാര്‍ട്ടിയായ യാഷര്‍ പാര്‍ട്ടിയും ലിക്കുഡ് പാര്‍ട്ടിയും തമ്മിലുള്ള മാരത്തണ്‍ ചര്‍ച്ചകള്‍ ഞായറാഴ്ച (നവംബര്‍ 22) മുതല്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാന രാഷ്ട്രീയ ബ്ലോക്കുകള്‍ക്കൊന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ഗാഡി ഐസന്‍കോട്ടിന് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചുമതല ലഭിച്ചത്.
അടുത്ത മാസം വരെയാണ് അദ്ദേഹത്തിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. സാധ്യമായ ഏറ്റവും വിശാലമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആത്മാര്‍ത്ഥമായ പ്രതിബദ്ധതയാണ് ഈ ചര്‍ച്ചകളെന്ന് യാഷര്‍ പാര്‍ട്ടി പറഞ്ഞു. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും, ആവശ്യമായ വഴിത്തിരിവുണ്ടാക്കാന്‍ യാതൊരു ശ്രമവും ബാക്കിവെക്കില്ലെന്നും പാര്‍ട്ടി കൂട്ടിച്ചേര്‍ത്തു.രാഷ്ട്രീയ വാർത്ത
ഗാഡി ഐസന്‍കോട്ട്
അതേസമയം, നെതന്യാഹുവിനെ എതിര്‍ക്കുന്ന ഐസന്‍കോട്ടിന്റെ ക്യാമ്പില്‍ നിലവില്‍ വലിയ രീതിയിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തീവ്ര ഓര്‍ത്തഡോക്‌സ് പാര്‍ട്ടികളുമായോ അറബ് ഭൂരിപക്ഷ പാര്‍ട്ടികളുമായോ സഖ്യമുണ്ടാക്കണമോ, അതോ നെതന്യാഹുവിന്റെ ബ്ലോക്കുമായി ചേര്‍ന്ന് ദേശീയ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കണമോ എന്ന കാര്യത്തിലാണ് ഈ ഭിന്നത.
…


