പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു; പതിനേഴുകാരനെതിരെ പോക്സോ കേസ്
കുളത്തൂപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആശുപത്രിയിൽ പ്രസവിച്ചതിന് പിന്നാലെ കൂടെ താമസിച്ചിരുന്ന പതിനേഴുകാരനെതിരെ പോക്സോ കേസ്. പറവൂർ സ്വദേശിയായ പെൺകുട്ടി കുളത്തൂപ്പുഴ സ്വദേശിയായ 17-കാരനുമായി പ്രണയത്തിലായി ഏറെ നാളായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.
ഇതിനിടയിൽ പെൺകുട്ടി ഗർഭിണിയായതറിഞ്ഞ് ആരോഗ്യ പ്രവർത്തകർ അന്വേഷിച്ച് വീട്ടിൽ എത്തിയെങ്കിലും വെളിപ്പെടുത്തുന്നതിനോ പ്രായം തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാനോ തയ്യാറായിരുന്നില്ല.
ആശുപത്രിരേഖകളിൽ 18 വയസായിരുന്നു രേഖപ്പെടുത്തിയിരുന്നത്. കടുത്ത വയറുവേദനയുമായി എത്തിയ പെൺകുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കഴിഞ്ഞ 12-ന് ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. വിശദമായ അന്വേഷണത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായി.
ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ എൻ. സുനീഷ് വിശദമായ അന്വേഷണം നടത്തിയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. 17-കാരനെ നിലവിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുന്നിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ആശുപത്രിയിൽ നിന്നും വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടിയും കുഞ്ഞും സുഖമായിരിക്കുന്നതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു.
….


