യൂറോപ്പിനെ മുൾമുനയിലാക്കി മിസൈൽ ആക്രമണം: 42 ജില്ലകളിൽ അപായ സൈറൺ, വിമാനത്താവളം അടച്ചു
വാർസോ: നാറ്റോ സഖ്യരാജ്യമായ പോളണ്ടിന്റെ വ്യോമാതിർത്തി ലംഘിച്ച് റഷ്യൻ ക്രൂയിസ് മിസൈലുകളും ഡ്രോണും പതിച്ചതിനെ തുടർന്ന് യൂറോപ്പിൽ കടുത്ത യുദ്ധഭീതി. വെള്ളിയാഴ്ച പുലർച്ചെയോടെ തെക്കുകിഴക്കൻ പോളണ്ടിലെ 42 ജില്ലകളിലും നഗരങ്ങളിലും അധികൃതർ അതീവ ജാഗ്രതാ നിർദേശവും വ്യോമാക്രമണ മുന്നറിയിപ്പും പുറപ്പെടുവിച്ചു. രണ്ട് റഷ്യൻ ഖ്-101 ക്രൂയിസ് മിസൈലുകളും ഒരു ഡ്രോണുമാണ് പോളണ്ടിൽ തകർന്നുവീണതെന്ന് പ്രതിരോധ മന്ത്രി വ്ലാഡിസ്ലാവ് കൊസിനിയാക്-കാമിഷ് അറിയിച്ചു.
മനഃപൂർവമുള്ള ആക്രമണമാണെന്ന നിലപാടിലാണ് പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്. മിസൈലുകൾ പതിച്ചത് യാദൃച്ഛികമായ സംഭവമാണെന്ന് കരുതേണ്ടതില്ലെന്നും ഇതിനു പിന്നിൽ കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
∙ വിമാനത്താവളം അടച്ചു; സൈറണുകൾ മുഴങ്ങി
സുരക്ഷാ ഭീഷണിയെ തുടർന്ന് പോളണ്ടിലെ വിവിധ പ്രദേശങ്ങളിൽ അപായ സൈറണുകൾ മുഴങ്ങി. മുൻകരുതൽ നടപടിയുടെ ഭാഗമായി റീഷോവ്-ജാസിയോങ്ക വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കുകയും കൺട്രോൾ ടവറിൽനിന്ന് ജീവനക്കാരെ ഒഴിപ്പിക്കുകയും ചെയ്തു.
പോളിഷ് സർക്കാരിന്റെ സുരക്ഷാ കേന്ദ്രം ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് അടിയന്തര എസ്.എം.എസ് മുന്നറിയിപ്പുകളും അയച്ചു. നോവി ലിപോവിക് മേഖലയിൽ മിസൈലുകളുടെയും ഡ്രോണിന്റെയും അവശിഷ്ടങ്ങൾ പതിച്ച സ്ഥലത്ത് തീപിടിത്തമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. വിദഗ്ധ പരിശോധന പൂർത്തിയാകുന്നതുവരെ അവശിഷ്ടങ്ങൾക്കടുത്തേക്ക് പോകരുതെന്ന് പ്രാദേശിക ദുരന്തനിവാരണ വിഭാഗം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഏഴ് കിലോമീറ്റർ അകലെ വരെ സ്ഫോടനശബ്ദം കേട്ടതായി പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു.
∙ യുക്രെയ്നിലെ ആക്രമണത്തിന് പിന്നാലെ
യുക്രെയ്ൻ തലസ്ഥാനമായ കീവിലും ലിവീവിലും റഷ്യ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെയാണ് പോളണ്ടിലും മിസൈലുകൾ പതിച്ചത്. യുക്രെയ്നിലുണ്ടായ ആക്രമണങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. നിലവിൽ വ്യോമാക്രമണ ഭീഷണി ഒഴിഞ്ഞതായി അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ നാറ്റോ അംഗരാജ്യമായ പോളണ്ടിന്റെ വ്യോമാതിർത്തി ലംഘിക്കപ്പെട്ട സംഭവം രാജ്യാന്തരതലത്തിൽ വലിയ നയതന്ത്ര-സൈനിക ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.


