പരിശീലനത്തിനിടെ വ്യോമസേനാ വിമാനങ്ങൾ കൂട്ടിയിടിച്ചു; നാല് പൈലറ്റുമാർക്ക് ദാരുണാന്ത്യം
മനില: ഫിലിപ്പീന്‍സിലെ മനിലയിലെ ഫര്‍ണാണ്ടോ എയര്‍ബേസില്‍ പരിശീലന പറക്കലിനിടെ രണ്ട് വ്യോമസേനാ വിമാനങ്ങള്‍ കൂട്ടിയിടിച്ച് നാല് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. SF-260 സിംഗിള്‍ പ്രൊപ്പല്ലര്‍ വിമാനങ്ങളാണ് തകര്‍ന്നുവീണത്. രണ്ട് വിമാനങ്ങളും എയര്‍ബേസ് പരിധിക്കുള്ളില്‍ തന്നെ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് ഫിലിപ്പൈന്‍ വ്യോമസേന വക്താവ് കേണല്‍ ആല്‍വിന്‍ കാപിംഗ്വിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
നാല് പൈലറ്റുമാരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ മറ്റ് സൈനിക വിമാനങ്ങളുടെ സര്‍വീസ് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈ അപകടത്തെക്കുറിച്ച് വ്യോമസേന കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
സമീപ വര്‍ഷങ്ങളില്‍ ഫിലിപ്പീന്‍സ് സൈനിക വിമാനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മെയ് മാസത്തില്‍, വടക്കന്‍ ഫിലിപ്പീന്‍സിലെ ബെന്‍ഗെറ്റ് പ്രവിശ്യയില്‍ പരിശീലന പറക്കലിനിടെ മറ്റൊരു SF-260 വിമാനം തകര്‍ന്ന് രണ്ട് സൈനിക പൈലറ്റുമാര്‍ കൊല്ലപ്പെട്ടിരുന്നു.
…


