അപകടം ക്ഷണിച്ചുവരുത്തുന്ന ‘ഷോർട്ട് കട്ട്’; ഓവർടേക്ക് ചെയ്യുന്നവർക്ക് പൊലീസിന്റെ താക്കീത്
അബുദാബി: റോഡുകളിൽ ഗതാഗതക്കുരുക്കുള്ള സമയങ്ങളിൽ റോഡിന്റെ വശങ്ങളിലുള്ള ഷോൾഡറിലൂടെ (റോഡ് ഷോൾഡർ- മഞ്ഞ വര കഴിഞ്ഞുള്ള സ്ഥലം) വാഹനം ഓവർടേക്ക് ചെയ്യുന്ന ഡ്രൈവർമാർക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ജീവന് തന്നെ ഭീഷണിയാകുന്ന ഇത്തരം പ്രവണതകൾ വൻ അപകടങ്ങൾക്ക് വഴിവെക്കുമെന്നും കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
റോഡ് ഷോൾഡറിലൂടെ വാഹനം ഓവർടേക്ക് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള ബോധവൽക്കരണ വീഡിയോ അബുദാബി പൊലീസ് പുറത്തുവിട്ടു. ഗതാഗതക്കുരുക്കിൽപ്പെടാതെ വേഗത്തിൽ പോകാൻ റോഡിന്റെ വശങ്ങൾ ഉപയോഗിക്കുന്നത് മറ്റ് യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കുകയും ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങളുടെ വഴി തടസ്സപ്പെടുത്തുകയും ചെയ്യും.
1,000 ദിർഹം പിഴയും 6 ബ്ലാക് പോയിന്റും
ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 42 പ്രകാരം റോഡ് ഷോൾഡറിലൂടെയുള്ള ഓവർടേക്കിങ്ങിന് 1,000 ദിർഹം പിഴയും 6 ബ്ലാക് പോയിന്റുമാണ് ശിക്ഷ. ഡ്രൈവർമാർ സ്വന്തം ലൈനുകളിൽ മാത്രം വാഹനം ഓടിക്കണമെന്നും അടിയന്തര വാഹനങ്ങളുടെ തടസ്സമില്ലാത്ത യാത്രയ്ക്കായി റോഡിന്റെ വശങ്ങൾ എപ്പോഴും ഒഴിച്ചിടണമെന്നും പൊലീസ് അഭ്യർഥിച്ചു.
വാഹനങ്ങൾ തകരാറിലായാൽ റോഡ് ഷോൾഡറുകളിൽ നിർത്തിയിടുന്നതിനെതിരെയും മുൻപ് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. വാഹനം തകരാറിലായാൽ റോഡിൽ നിന്ന് മാറി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണം. ഈ വർഷം തുടക്കം മുതൽ റോഡ് ഷോൾഡറുകളിലൂടെ വാഹനം ഓടിച്ചതിന് 4,504 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി ദുബായ് പൊലീസും അറിയിച്ചിരുന്നു.


