സ്പാ കേന്ദ്രീകരിച്ച് ജോലി; വ്യാജ രേഖകളുമായി യുവതികളടക്കം മൂന്ന് ബംഗ്ലദേശികൾ പിടിയില്‍
വ്യാജ തിരിച്ചറിയൽ രേഖകളുമായി രണ്ട് യുവതികളടക്കം മൂന്ന് ബംഗ്ലദേശികള്‍ കോഴിക്കോട് പിടിയില്‍. മാങ്കാവ് റോഡിൽ മിംസ് ആശുപത്രിക്ക് സമീപത്തെ വാടക റൂമിൽ താമസിക്കുകയായിരുന്ന റാബി ഷേക്ക്, ഭാര്യ റൗഷനരാ, ബീഗം പപ്പിയ എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച ഈ ഭാഗത്ത് അതിഥി തൊഴിലാളികൾ തമ്മിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. പരിസരവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയാണ് വഴിത്തിരിവായത്.
ചോദ്യം ചെയ്യലില്‍ റാബി ഷേക്ക് ബംഗ്ലദേശ് പൗരനാണെന്ന് വ്യക്തമായി. ഒപ്പമുണ്ടായിരുന്ന സ്ത്രീകളും ബംഗ്ലദേശ് സ്വദേശികളാണെന്ന് കണ്ടെത്തി. തുടർന്ന് മൂവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ബെംഗളൂരുവിൽ എത്തി ഇവര്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മിക്കുകയായിരുന്നു. നാലുമാസം ബെംഗളൂരുവിൽ കഴിഞ്ഞതിന് ശേഷമാണ് കോഴിക്കോട് എത്തുന്നതും.
കഴിഞ്ഞ ഒരു മാസമായി റാബി ഷേക്ക് പുതിയ പാലത്തെ വെൽഡിങ് വർക്ക്ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. കോഴിക്കോട് തൊണ്ടയാട്, നടക്കാവ്, എരഞ്ഞിപ്പാലം എന്നിവിടങ്ങളിലെ സ്പാകളിലായിരുന്നു ഭാര്യ റൗഷനരാ ബീഗം ജോലി ചെയ്തിരുന്നത്. പപ്പിയ പത്ത് ദിവസം മുമ്പാണ് കോഴിക്കോട് എത്തിയത്. ഏഴു ദിവസമായി തൊണ്ടയാടുള്ള സ്പായിലാണ് ജോലി.
ബെംഗളൂരുവിൽ നിന്നും കൊൽക്കത്തയിലെ വിലാസത്തിൽ ആധാർ കാർഡ്, പാൻ കാർഡ്, ഇലക്ഷൻ ഐഡി കാർഡ് എന്നിവ ഇവർ വ്യാജമായി നിർമ്മിച്ചിട്ടുണ്ടെന്ന് പൊലിസിന്റെ ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ഇതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. മറ്റ് എന്തെങ്കിലും വ്യാജ രേഖകൾ ഇവരുടെ കൈവശമുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.


