പശ്ചിമേഷ്യയിൽ തീമഴ പെയ്യിച്ച് ഹൂതികൾ, വൻ നാശനഷ്ടം…

പശ്ചിമേഷ്യൻ ഭൗമരാഷ്ട്രീയത്തെ ഒരേസമയം അമ്പരപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന വലിയൊരു തലവേദനയായി മാറിയിരിക്കുന്നു യെമനിലെ ഹൂതി പ്രസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള സൈനിക വളർച്ച. വെറുമൊരു പ്രാദേശിക വിമത സംഘത്തിൽ നിന്ന്, ലോകത്തിലെ തന്നെ ഏറ്റവും വിനാശകാരിയായ ‘നോൺ-സ്റ്റേറ്റ്’ സൈനിക ശക്തികളിലൊന്നായി ഹൂതികൾ പരിണമിച്ചിരിക്കുന്നു.

മുൻപ് കരയുദ്ധങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഇവർ, ഇന്ന് രാജ്യാന്തര കപ്പൽപ്പാതയായ ചെങ്കടലിലും ബാബ് എൽ-മന്ദെബ് കടലിടുക്കിലും ആഗോള വ്യാപാരത്തെയും സുരക്ഷയെയും ഒരുപോലെ അട്ടിമറിക്കാൻ ശേഷിയുള്ള സാങ്കേതിക മികവുള്ള ഒരു വൻ ആയുധശേഖരം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ പിശ്ചിമേഷ്യയിൽ വ്യോമാക്രമണവും ശക്തമാക്കിയിരിക്കുന്നു. ബാലിസ്റ്റിക് മിസൈലുകൾ, ക്രൂസ് മിസൈലുകൾ, ഡ്രോണുകൾ, സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകൾ എന്നിവയടങ്ങുന്ന ഹൂതികളുടെ ആയുധബലം പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് വൻ ഭീഷണിയായിരിക്കുകയാണ്.

സജീവമായ ഒരു യുദ്ധമുഖത്ത് കപ്പലുകൾക്കെതിരെ ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി പ്രയോഗിച്ച ലോകത്തിലെ ആദ്യത്തെ നോൺ-സ്റ്റേറ്റ് സംഘടന എന്ന അപൂർവവും അപകടകരവുമായ റെക്കോർഡ് ഹൂതികൾക്കാണ്. കടലിൽ സഞ്ചരിക്കുന്ന കൂറ്റൻ കപ്പലുകളെ കൃത്യമായി ലക്ഷ്യം വയ്ക്കാൻ സഹായിക്കുന്ന ഈ മിസൈലുകൾ ഇറാനിയൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്തവയാണ്.

1. ആസെഫ്: ഹൂതികളുടെ ഏറ്റവും ദൂരപരിധിയുള്ള മിസൈലുകളിൽ ഒന്നാണിത്. 450 മുതൽ 500 കിലോമീറ്റർ വരെ സഞ്ചരിച്ച് ലക്ഷ്യം തകർക്കാൻ ഇതിന് കഴിയും. ഇറാന്റെ ഇസ്‌‌ലാമിക് റെവലൂഷണറി ഗാർഡ് കോർ (ഐആർജിസി) വികസിപ്പിച്ച ‘ഖലീജ് ഫാർസ്’, ‘ഫത്തേ-313’ മിസൈലുകളിൽ നിന്നാണ് ഇതിന്റെ സാങ്കേതികവിദ്യ രൂപപ്പെടുത്തിയത്.

2. തങ്കീൽ: ഇറാന്റെ ‘സുഹൈർ’ അഥവാ ‘റാദ്-500’ പ്രോഗ്രാമുമായി ബന്ധമുള്ള ഈ മിസൈലിനും ഏകദേശം 500 കിലോമീറ്റർ ദൂരപരിധിയുണ്ട്. യെമൻ തീരത്തുനിന്ന് വിക്ഷേപിച്ചാൽ ചെങ്കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇതിന്റെ പരിധിയിൽ വരും.

3. ഫലഖ്: ഹ്രസ്വദൂര ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്ന മിസൈലാണിത്. 140 കിലോമീറ്ററാണ് ഇതിന്റെ പരിധി എങ്കിലും, ഇടുങ്ങിയ ചെങ്കടൽ പാതയിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കാൻ ഇത് ഏറെ അനുയോജ്യമാണ്.

4. മയൂൺ, ബഹർ അൽ-അഹ്മർ: 100 മുതൽ 150 കിലോമീറ്റർ വരെ പരിധിയുള്ള ഇവ രണ്ടും തീരദേശ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ലഘു ബാലിസ്റ്റിക് മിസൈലുകളാണ്.

∙ എന്തുകൊണ്ട് ഇവ അപകടകാരികളാകുന്നു?

സാധാരണ ക്രൂസ് മിസൈലുകൾ കടൽത്തീരത്തിന് തൊട്ടുമുകളിലൂടെ സമാന്തരമായി പായുമ്പോൾ, ബാലിസ്റ്റിക് മിസൈലുകൾ അന്തരീക്ഷത്തിന്റെ ഉയർന്ന തലങ്ങളിലേക്ക് ഉയർന്നുപൊങ്ങി, തിരികെ വായുവേഗത്തിൽ താഴേക്ക് കുതിച്ചിറങ്ങുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ കുത്തനെയുള്ള കുതിച്ചെത്തൽ പ്രതിരോധ യുദ്ധക്കപ്പലുകൾക്ക് ഇവയെ തിരിച്ചറിയാനും തകർക്കാനും വളരെ കുറഞ്ഞ സമയം മാത്രമേ നൽകുന്നുള്ളൂ. ഇവയെ തടയാൻ നാറ്റോ സഖ്യസേനയ്ക്ക് വളരെ ചെലവേറിയ എസ്എം–2, എസ്എം–6, ആസ്റ്റർ 30 തുടങ്ങി ഇന്റർസെപ്റ്റർ മിസൈലുകൾ ഉപയോഗിക്കേണ്ടി വരുന്നു. ആക്രമണം പരാജയപ്പെട്ടാൽ പോലും പ്രതിരോധ സേനയുടെ വിലയേറിയ ആയുധശേഖരം വേഗത്തിൽ തീർന്നുപോകാൻ ഇത് കാരണമാകുന്നു.

Share