നിയമക്കുരുക്കിൽപെട്ട് 18 വർഷം, നാടണയാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ കണ്ണീർ മടക്കം
അൽഖർജ്: നിയമക്കുരുക്കുകൾ കാരണം 18 വർഷമായി നാട്ടിൽ പോകാൻ സാധിക്കാതെ സൗദി അറേബ്യയിലെ അൽഖർജിൽ കഴിഞ്ഞിരുന്ന തമിഴ്‌നാട് കല്ലകുറിച്ചി സ്വദേശി മൻസൂർ ഇമാം (60) അന്തരിച്ചു. അസുഖ ബാധിതനായി റിയാദിലെ ശുമൈസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
15 വർഷമായി ഇഖാമ കാലാവധി കഴിയുകയും പാസ്‌പോർട്ട് നഷ്ടപ്പെടുകയും ചെയ്ത ഇദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ഔട്ട്പാസ് നടപടികളും സൗദി എയർലൈൻസിന്റെ യാത്രാനുമതിയും ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് അന്ത്യം.
കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണ് മൻസൂർ ഇമാമിന് രോഗബാധയുള്ള വിവരം അൽഖർജ് കെഎംസിസി ഭാരവാഹികൾ അറിയുന്നത്. തുടർന്ന് ഷബീബ് കൊണ്ടോട്ടി, മുഹമ്മദ് പുന്നക്കാട്, നൂറുദ്ദീൻ കുഞ്ഞിപ്പ, സമദ് വെളിമുക്ക്, ജംഷി കാരക്കുന്ന് എന്നിവരുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ ആദ്യം കിങ് ഖാലിദ് ആശുപത്രിയിലും പിന്നീട് ശുമൈസി ആശുപത്രിയിലേക്കും മാറ്റി. വിദഗ്ധ പരിശോധനയിൽ വയറ്റിൽ കാൻസർ ബാധ സ്ഥിരീകരിക്കുകയായിരുന്നു.
തെറ്റിദ്ധാരണകൾ മൂലം വർഷങ്ങളായി കുടുംബവുമായി അകന്നു കഴിയുകയായിരുന്ന ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ ദുബായിൽ ജോലി ചെയ്യുന്ന മകൻ നേരത്തെ ശ്രമിച്ചിരുന്നു. ഈ ബന്ധം ഉപയോഗിച്ച് കെഎംസിസി പ്രവർത്തകർ മകനെ വിവരമറിയിക്കുകയും തുടർന്ന് റിയാദിലെത്തിയ മകൻ ആശുപത്രിയിൽ പിതാവിനൊപ്പം തങ്ങുകയുമായിരുന്നു.
നാട്ടിലെയും സൗദിയിലെയും രേഖകളിലെ പേരുകളിലുണ്ടായിരുന്ന വൈരുധ്യം (സൗദി രേഖകളിൽ മൻസൂർ ഇമാം എന്നും നാട്ടിലെ രേഖകളിൽ സയ്യദ് അലി അഹ്മദ് എന്നും) കാരണം മരണാനന്തര നടപടികൾക്ക് എംബസി വഴി ഏറെ പ്രയത്നിക്കേണ്ടി വന്നു. ഒടുവിൽ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ മുഹമ്മദ് പുന്നക്കാട്, സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി. റിയാദിൽ നിന്ന് അൽഖർജിൽ എത്തിക്കുന്ന മൃതദേഹം അസർ നമസ്കാരത്തിനു ശേഷം കിങ് അബ്ദുൽ അസീസ് മസ്ജിദിൽ നടക്കുന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം ഹയാത്തം ശ്മശാനത്തിൽ മറവുചെയ്യും.
…


