സ്വർണം മോഷ്ടിച്ചത് ഐഫോണും ആൺസുഹൃത്തിന് ബൈക്കും വാങ്ങാൻ: കരുവാറ്റ കൊലപാതകക്കേസിൽ 13കാരിയുടെ മൊഴി

ആലപ്പുഴ: വീട്ടിലെ സ്വർണം മോഷ്ടിക്കാൻ താൻ ശ്രമിച്ചതു മുത്തച്ഛൻ കണ്ടതിനാലാണ് അദ്ദേഹത്തെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നു കരുവാറ്റ കൊലപാതകക്കേസിൽ കുറ്റാരോപിതയായ പതിമൂന്നുകാരിയുടെ മൊഴി.

ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ അനുമതിയോടെ ഇന്നലെ പൊലീസ് കുറ്റാരോപിതയെ ചോദ്യം ചെയ്തു. രാവിലെ 9 മുതൽ വൈകിട്ട് 4.45 വരെ ജില്ലാ ശിശുക്ഷേമ ഓഫിസർ, പ്രൊബേഷനറി ഓഫിസർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യൽ.

ഓഗസ്റ്റ് 15നു രാത്രിയാണ് ഹരിപ്പാട് കരുവാറ്റയിലെ വാടകവീട്ടിൽ അറുപത്തിയേഴുകാരൻ കൊലപ്പെട്ടത്. കൊച്ചുമകളുടെ അറിവോടെ സുഹൃത്തുക്കളായ മൂന്നു കൗമാരക്കാർ ചേർന്നു കൊലപ്പെടുത്തിയെന്നാണു കേസ്. വീട്ടിലെ സ്വർണം മോഷ്ടിച്ച് തനിക്ക് ഐഫോണും ആൺസുഹൃത്തിന് ബൈക്കും വാങ്ങാൻ ഇരുവരും ചേർന്ന് നേരത്തേ തീരുമാനിച്ചിരുന്നതായി പെൺകുട്ടിയുടെ മൊഴിയിലുണ്ട്. എന്നാൽ സ്വർണം സൂക്ഷിച്ച അലമാര താൻ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് തുറക്കാൻ ശ്രമിച്ചത് മുത്തച്ഛൻ കണ്ടതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി സുഹൃത്തിന്റെ സഹായം തേടി.

ഓഗസ്റ്റ് 14ന് രാത്രി മുത്തച്ഛൻ പുറത്തുപോയ സമയത്തായിരുന്നു മോഷണശ്രമം. മുത്തച്ഛൻ തിരിച്ചെത്തുമ്പോൾ അലമാര തുറക്കാൻ ശ്രമിക്കുന്നതുകണ്ടു. സ്ക്രൂ ഡ്രൈവർ വാങ്ങി നിലത്തെറിയുകയും ശാസിക്കുകയും ചെയ്തു. സംഭവം അമ്മയെയും ബന്ധുക്കളെയും അറിയിക്കുമെന്നു മുന്നറിയിപ്പ് നൽകി.

മോഷണവിവരം മുത്തച്ഛൻ ബന്ധുക്കളെ അറിയിക്കുമെന്ന ഭയവും ഇനി സ്വർണം നഷ്ടമായാൽ അതെടുത്തതു താനാണെന്നു മുത്തച്ഛൻ മനസ്സിലാക്കുമെന്നതും കൊലപാതകം ആസൂത്രണം ചെയ്യാൻ കാരണമായെന്ന് പെൺകുട്ടി നൽകിയ മൊഴിയിലുണ്ട്. പിറ്റേദിവസം തന്നെ മോഷണം നടത്തിയില്ലെങ്കിൽ സ്വർണം കിട്ടില്ലെന്ന് കൊല്ലത്തുള്ള ആൺസുഹൃത്തിനെ അറിയിച്ചു. തന്നോടു മോശമായി പെരുമാറിയതിനാൽ മുത്തച്ഛനെ കൊലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. വീടിന്റെ ലൊക്കേഷൻ വാട്സാപിൽ അയച്ചുകൊടുത്തു. പിറ്റേന്നു രാവിലെ താൻ കരുവാറ്റയിൽ തന്നെയുള്ള സുഹൃത്തിന്റെ വീട്ടിലേക്കു പോയെന്നും അന്നു രാത്രിയാണു കൊല്ലം സ്വദേശിയായ ആൺസുഹൃത്തുൾപ്പെടെ 3 പേരെത്തി കൊലപാതകം നടത്തിയതെന്നും പെൺകുട്ടി പറഞ്ഞു. വീട്ടിൽ സ്വർണം സൂക്ഷിച്ച അലമാര എവിടെയെന്നു കാണിച്ചുകൊടുക്കാനാണ് ആൺസുഹൃത്ത് വിഡിയോ കോൾ ചെയ്തത്. ഈ സമയത്താണു മുത്തച്ഛന്റെ മൃതദേഹം വിഡിയോ കോളിൽ കണ്ടതെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

കേസിൽ കുറ്റാരോപിതരായ 3 കൗമാരക്കാർക്കു കഴിഞ്ഞ ദിവസം ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം നൽകിയിരുന്നു. പെൺകുട്ടിയുടെ ജാമ്യാപേക്ഷ 3ന് പരിഗണിക്കും. മൂന്നു കൗമാരക്കാരെ നേരത്തെ എട്ടു മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്യുകയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തുകയും ചെയ്തിരുന്നു. എന്നാൽ 16 വയസ്സിൽ താഴെയുള്ളവരെ പൊലീസ് കസ്റ്റഡിയിൽ വിടാൻ ബാലനീതി നിയമം അനുവദിക്കാത്തതിനാലാണു പെൺകുട്ടിയെ കസ്റ്റഡിയിൽ ആവശ്യപ്പെടാതെ ചോദ്യം ചെയ്യൽ മാത്രം നടത്തിയത്.

Share