മക്ക-മദീന ഹറമൈൻ അതിവേഗ ട്രൈൻ ഓടിക്കാൻ ഇനി സൗദി വനിതകളും – വീഡിയോ

ജിദ്ദ: ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിലൊന്നാണ് സൌദിയിൽ പ്രവർത്തിക്കുന്ന മക്ക-മദീന റൂട്ടിലോടുന്ന ഹറമൈൻ അതിവേഗ ട്രൈൻ സർവീസ്. ഈ അതിവേഗ ട്രൈൻ ഓടിക്കുന്നതിനായി 32 സൗദി വനിതകൾ പരിശീലനം പൂർത്തിയാക്കി യോഗ്യത നേടിയതായി സൗദി അറേബ്യ റെയിവെയ്സ് (SAR) അറിയിച്ചു. ഹറമൈൻ എക്‌സ്പ്രസ് ട്രെയിനിലെ വനിതാ ഡ്രൈവർമാരുടെ ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങ് SAR റെയിൽവേ ആഘോഷപൂർവ്വം സംഘടിപ്പിച്ചു.

ചടങ്ങിൽ ഡ്രൈവിംഗ് ക്യാബിനുള്ളിൽ ഇരുന്ന് വനിത ഡ്രൈവർമാർ ട്രെയിനുകൾ ഓടിക്കുന്നതിനുള്ള പരിശീലനം നേടുന്നതിൻ്റെയും പ്രവർത്തനങ്ങളുടെയും വീഡിയോ പ്രദർശിപ്പിച്ചു. 

ഉയർന്ന സുരക്ഷയോടെയും സൂക്ഷമതയോടെയും സ്‌റ്റേഷനുകളിൽ നിന്ന് തീവണ്ടി നീങ്ങുകയും കാലതാമസമോ പ്രശ്‌നങ്ങളോ കൂടാതെ അവസാന ലക്ഷ്യസ്ഥാനത്തെത്തിക്കുകയും ചെയ്യുന്നതിനായി ഇനിയും പുരുഷ-വനിത ക്യാപ്റ്റന്മാരെ പരിശീലിപ്പിക്കാൻ ഹറമൈൻ ട്രൈനിന് താൽപ്പര്യമുണ്ടെന്ന് പരിശീകനായ മുഹന്നദ് ഷേക്കർ പറഞ്ഞു. . 

മിഡിൽ ഈസ്റ്റിലെ ആദ്യത്തെ വനിതാ എക്‌സ്‌പ്രസ് ട്രെയിൻ ലീഡറാകാനുള്ള ഈ അവസരത്തിൽ നിരവധി വനിതകൾ അഭിമാനം പ്രകടിപ്പിച്ചു. കൂടാതെ തീർഥാടകരെയും സന്ദർശകരേയും ഇരു ഹറമുകളിലേക്കും എത്തിക്കുവാൻ ശ്രദ്ധയോടെ പ്രവർത്തിക്കാനുള്ള വലിയ പ്രചോദനമാണെന്ന് അവർ ഊന്നിപ്പറഞ്ഞു.

ഗതാഗത, ലോജിസ്റ്റിക് മേഖലയിലെ സ്ത്രീ ശാക്തീകരണത്തിന്റെ തുടർച്ചയായാണ് ഹറമൈൻ എക്‌സ്പ്രസ് ട്രെയിനിന്റെ ഡ്രൈവർമാരാകാൻ സൗദി വനിതകൾക്ക് പരിശീലനം നൽകുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോർ ട്രാൻസ്‌പോർട്ട് പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം..

Share
error: Content is protected !!