‘ഓരോ വ്യക്തിക്കും ഒരു എഐ’ പദ്ധതി വരുന്നു: സർക്കാർ സേവനങ്ങളിൽ എഐ വിപ്ലവത്തിനൊരുങ്ങി സൗദി
റിയാദ്: സർക്കാർ സേവനങ്ങൾ അതിവേഗം ലഭ്യമാക്കുന്നതിനായി സൗദി അറേബ്യയിൽ ‘ഒരാൾക്ക് ഒരു എഐ’ (വ്യക്തിഗത എഐ ഏജന്റ്) പദ്ധതി വരുന്നു. രാജ്യത്തെ ഓരോ പൗരനും പ്രവാസിക്കും സന്ദർശകനും ഓരോ വ്യക്തിഗത എഐ ഏജന്റിനെ വീതം അനുവദിക്കണമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നിർദേശിച്ചതായി ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനീയർ അബ്ദുല്ല അൽസവാഹ വെളിപ്പെടുത്തി.
റിയാദിൽ ധനകാര്യ മന്ത്രാലയം സംഘടിപ്പിച്ച ‘2027 ബജറ്റ് ഫോറ’ത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ‘ലോകത്തെ ബന്ധിപ്പിക്കുന്ന ലോജിസ്റ്റിക്സ്, ടെക്നോളജി ശേഷികൾ’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ആദ്യപടിയായി അടുത്ത ഫെബ്രുവരിയിൽ ‘തവക്കൽനാ’ ആപ്പിൽ എഐ ഏജന്റ് സേവനം ലഭ്യമാകും. 2027-ഓടെ എല്ലാവർക്കും വ്യക്തിഗത എഐ ഏജന്റുമാരെ ലഭ്യമാക്കുകയാണ് ലക്ഷ്യം.
∙ ഡിജിറ്റൽ ഗവൺമെന്റിൽ നിന്ന് എഐ ഗവൺമെന്റിലേക്ക്
സൗദി അറേബ്യ ഒരു ഡിജിറ്റൽ ഗവൺമെന്റിൽ നിന്ന് ‘എഐ ഏജന്റ്സ് ഗവൺമെന്റിലേക്ക്’ മാറുകയാണെന്ന് മന്ത്രി പറഞ്ഞു. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഗുണഭോക്താക്കൾക്ക് സ്വന്തം ശബ്ദവും ഭാഷയും ശൈലിയും ഉപയോഗിച്ച് സർക്കാർ സേവനങ്ങൾ തേടാനാകും. വിവിധ സർക്കാർ വെബ്സൈറ്റുകളിൽ കയറി തിരയുകയോ ഫോമുകൾ പൂരിപ്പിക്കുകയോ ചെയ്യേണ്ട സാഹചര്യം ഇതോടെ ഒഴിവാകും.
∙ പ്രവർത്തനം ലളിതം, വേഗതയേറും
സാധാരണ സംസാരഭാഷയിൽ എ.ഐ ഏജന്റിനോട് ആവശ്യം പറഞ്ഞാൽ മതിയാകും. തുടർനടപടികളും വിവിധ വകുപ്പുകളുമായുള്ള ഏകോപനവും ഏജന്റ് പൂർത്തിയാക്കും. ചുരുക്കത്തിൽ, ‘സേവനം തിരഞ്ഞ് സ്വയം പൂർത്തിയാക്കുക’ എന്ന രീതിയിൽ നിന്ന് ‘ആവശ്യപ്പെടുക, നിങ്ങളുടെ ഏജന്റ് അത് പൂർത്തിയാക്കും’ എന്ന തലത്തിലേക്ക് സർക്കാർ സേവനങ്ങൾ മാറുകയാണ്.
∙ പൈലറ്റ് ഘട്ടം ആരംഭിച്ചു
പൊതുജനങ്ങൾക്ക് നൽകുന്നതിന് മുന്നോടിയായി സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (സദായ) 500 ഉപയോക്താക്കളെ ഉൾപ്പെടുത്തി പ്രാരംഭ പരീക്ഷണം (പൈലറ്റ് ഘട്ടം) ആരംഭിച്ചിട്ടുണ്ട്. നിലവിൽ 3.6 കോടിയിലധികം ഉപയോക്താക്കളുള്ള തവക്കൽനാ ആപ്പ് വഴി സേവനം തുടങ്ങുന്നത് പദ്ധതി വേഗത്തിൽ ജനങ്ങളിലേക്ക് എത്താൻ സഹായിക്കും.
∙ ഡിജിറ്റൽ മേഖലയിലെ വൻ മുന്നേറ്റം
ശക്തമായ ഡിജിറ്റൽ അടിത്തറയിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ 85 ശതമാനം സർക്കാർ സേവനങ്ങളും നിലവിൽ പൂർണമായും ഓട്ടോമേറ്റഡ് ആണ്. സർക്കാർ പ്ലാറ്റ്ഫോമുകളുടെ എണ്ണം 800-ൽ നിന്ന് 400 ആയി ഏകീകരിച്ചതിലൂടെ 1,800-ലധികം സേവനങ്ങൾ ലഭ്യമാകുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ സൗദിയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ 75 ശതമാനം വളർച്ചയുണ്ടായി. ഡിജിറ്റൽ വ്യാപാരം 100 ബില്യൻ റിയാലിലെത്തുകയും ഫിൻടെക് കമ്പനികളുടെ എണ്ണം 200 കവിയുകയും ചെയ്തു.
∙ പ്രവാസികൾക്കും സന്ദർശകർക്കും പ്രയോജനം
ടൂറിസം, ജീവിതനിലവാരം എന്നിവ ഉയർത്തുന്നതിന്റെ ഭാഗമായി പൗരന്മാർക്ക് പുറമെ പ്രവാസികളെയും സന്ദർശകരെയും കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ‘ഒരാൾക്ക് ഒരു എ.ഐ’ പദ്ധതിയുടെ പ്രയോജനം ലഭിക്കും.


