തർക്കത്തിനിടെ യുവാവ് ലോഡ്ജ് ജനാലയിലൂടെ തള്ളിയിട്ടു; 23കാരിക്ക് ദാരുണാന്ത്യം, ആൺസുഹൃത്ത് അറസ്റ്റിൽ
ബെംഗളൂരു: തർക്കത്തിനിടെ ആൺസുഹൃത്ത് ലോഡ്ജിന്റെ ജനാലയിലൂടെ തള്ളിയിട്ടതിനെത്തുടർന്ന് താഴേക്ക് വീണ് 23കാരിയായ യുവതി മരിച്ചു. ഹാസൻ സ്വദേശിനിയായ ഐശ്വര്യയാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തായ സന്തോഷിനെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
ഗംഗമ്മഗുഡി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ലോഡ്ജിൽ നവംബർ 19നായിരുന്നു സംഭവം. സ്വകാര്യ കമ്പനി ജീവനക്കാരനായ സന്തോഷും ഐശ്വര്യയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് മരിച്ച യുവതിയുടെ അമ്മ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നവംബർ 19ന് ഐശ്വര്യയും സന്തോഷും ചേർന്ന് ലോഡ്ജിൽ മുറിയെടുത്തു. വൈകുന്നേരം ഇരുവരും മദ്യപിച്ച ശേഷം വാക്കുതർക്കത്തിലേർപ്പെട്ടു.
വിവാഹവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഐശ്വര്യ കരയുകയും ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പ്രകോപിതനായ സന്തോഷ് ‘നീ എന്തുവേണമെങ്കിലും ചെയ്തോ’ എന്ന് പറഞ്ഞ് ഐശ്വര്യയെ കൈകൊണ്ട് ശക്തിയായി തള്ളുകയായിരുന്നു.
തള്ളലിൽ നിയന്ത്രണം വിട്ട ഐശ്വര്യ ലോഡ്ജിന്റെ ജനാലയിലൂടെ താഴേക്ക് വീണ് മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് കേസെടുത്ത ഗംഗമ്മഗുഡി പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.


