ഷാഫിയെ ആക്ഷേപിച്ചിട്ടില്ല, എ ഗ്രൂപ്പ് എന്നത് എട്ടാമത്തെ അത്ഭുതം; അനാവശ്യമായി എന്നെ പ്രകോപിപ്പിക്കരുത്, എല്ലാം തുറന്നുപറയും: രാജ്മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: ഷാഫി പറമ്പിലിനെ കടന്നാക്രമിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഷാഫി പറമ്പിൽ എ. ഗ്രൂപ്പുകാരനെന്ന് അംഗീകരിക്കില്ലെന്നും, എ ഗ്രൂപ്പെങ്കിൽ എട്ടാമത്തെ അത്ഭുതമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

തനിക്കെതിരായ സൈബർ ആക്രമണത്തിലും ഷാഫി പറമ്പിലിനെ അദ്ദേഹം കടന്നാക്രമിച്ചു. ഷാഫി പറമ്പില്‍ എ ഗ്രൂപ്പുകാരന്‍ അല്ലെന്ന് പറഞ്ഞതിനാണ് തനിക്കെതിരേ സൈബര്‍ ആക്രമണം നടത്തുന്നത്. സൈബർ ആക്രമണം ഓർഗാനിക് അല്ല ഓർഗനൈസ്ഡ് ആണ്. ആക്രമണം നടത്തുന്നത് ചില പെട്ടിതാങ്ങികളാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഷാഫി ഏത് ഗ്രൂപ്പാണെന്ന് എല്ലാവര്‍ക്കും അറിയാം. അത് അറിയാന്‍ പാഴൂര്‍ പടിക്കല്‍ പോകേണ്ടതില്ല. ഷാഫി എ ഗ്രൂപ്പ് അല്ലെന്ന് പറഞ്ഞതിനാണോ എനിക്കെതിരേ ആക്രമണം നടത്തുന്നത്. എനിക്കും എന്റെ മകനും എതിരേ നടക്കുന്ന സൈബര്‍ ആക്രമണം ഓര്‍ഗനൈസ്ഡ് ആണ്. ഈ ആക്രമണമെല്ലാം അടൂരിലെ ഒരു വീട്ടില്‍ നിന്നുമാണ് വന്നതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. തനിക്കെതിരേ സൈബര്‍ ആക്രമണം നടത്തുന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ ആണെന്നും ആശാന് വേണ്ടി ശിഷ്യന്‍ കളത്തിലിറങ്ങിയതാണെന്നും അദ്ദേഹം പരിഹസിച്ചു. തന്നെ പ്രകോപിപ്പിച്ചാല്‍ പലതും വെളിപ്പെടുത്തുമെന്നും പല രഹസ്യങ്ങളും തന്റെ ഡയറിയില്‍ ഉണ്ടെന്നും വെല്ലുവിളിക്കുകയും ചെയ്തു.

ഉമ്മന്‍ചാണ്ടിയുടെ സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സ് എന്ന് പറഞ്ഞു നടക്കുന്നവര്‍ ഒരിക്കല്‍ ഉമ്മന്‍ചാണ്ടി പ്രശ്‌നത്തില്‍ പെട്ടപ്പോള്‍ പ്രതിഛായ ഭയന്ന് ഓടിയൊളിച്ചവര്‍ ആണ്. സോളാര്‍കേസില്‍ ഉമ്മന്‍ചാണ്ടി അപമാനിക്കപ്പെട്ടപ്പോള്‍ അന്ന് ചാനല്‍ചര്‍ച്ചകളില്‍ അഹോരാത്രം പോരാടിയവര്‍ തങ്ങളാണ്. അന്ന് ടി സിദ്ദിഖ് അല്ലാതെ ആരുമുണ്ടായില്ല. ഉമ്മന്‍ചാണ്ടിയുടെ കീഴില്‍ നിന്ന് പാര്‍ട്ടിയില്‍ നിന്നും ഒരു ജന്മംകൊണ്ട് നേടാവുന്നതെല്ലാം നേടിയെടുത്ത ശേഷം അവസാനഘട്ടത്തില്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞെന്നും അദ്ദേ​ഹം ആരോപിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയെക്കൊണ്ട് ഒരു ജന്മം കൊണ്ടു നേടാവുന്ന നേട്ടം മുഴുവന്‍ നേടിയവരുടെ മക്കളാണ് ഇപ്പോള്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി കൊടുക്കാവുന്നതും പാര്‍ട്ടിയില്‍ നിന്നും നേടാവുന്നതു മുഴുവനും നേടിയ ശേഷമാണ് ബിജെപിയില്‍ എത്തിയത്. തന്റെ മകന്‍ പണ്ടെങ്ങോ ബിജെപിയ്ക്ക് അനുകൂലമായി പോസ്റ്റിട്ടത് ഇപ്പോഴും ആക്രമണത്തിന് ഉപയോഗിക്കുകയാണ്. എന്നാല്‍ അവന്‍ കോണ്‍ഗ്രസില്‍ തന്നെയുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Share