സൗദിയുടെ “സീർ” ആദ്യ സ്റ്റോർ തുറന്നു, ബുക്കിങ് തുടങ്ങി: ആകർഷകമായ സർവീസ് പാക്കേജുകളും

റിയാദ്: സൗദിയുടെ ആദ്യ തദ്ദേശീയ ഇലക്ട്രിക് വാഹന ബ്രാൻഡായ സീർ തങ്ങളുടെ ആദ്യ മൊബൈൽ സ്റ്റോർ ദിരിയയിലെ ബുജൈരി ടെറസിൽ തുറന്നു. രാജ്യത്തുടനീളം ശക്തമായ റീട്ടെയിൽ ശൃംഖല നിർമ്മിക്കാനുള്ള കമ്പനിയുടെ വിപുലമായ പദ്ധതിയുടെ ആദ്യ ഘട്ടമാണിത്.

സൗദിയിൽ തന്നെ പൂർണമായും രൂപകൽപ്പന ചെയ്ത് നിർമിച്ച അത്യാധുനിക എക്‌സോബോട്ട് സെഡാൻ, എസ്.യു.വി മോഡലുകളാണ് സ്റ്റോറിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. ഇവിടെയെത്തുന്ന സന്ദർശകർക്ക് വാഹനങ്ങൾ നേരിട്ട് കാണാനും, ലിമിറ്റഡ് എഡിഷനായ എക്‌സോബോട്ട് ഫസ്റ്റ് എഡിഷൻ മോഡലുകൾ മുൻകൂട്ടി റിസർവ് ചെയ്യാനും അവസരമൊരുക്കിയിട്ടുണ്ട്.

ഫസ്റ്റ് എഡിഷൻ സെഡാൻ, എസ്.യു.വി മോഡലുകൾക്ക് 3,99,000 സൗദി റിയാലാണ് വില നിശ്ചയിച്ചിരിക്കുന്നത്. ആകർഷകമായ സർവീസ് പാക്കേജുകളും ഇതിനൊപ്പം ഉപഭോക്താക്കൾക്ക് ലഭിക്കും. 850 ഹോർസ് പവറും, 1,000 എൻ.എം ടോർക്കും ഉൽപാദിപ്പിക്കുന്ന ത്രീ-മോട്ടോർ ഇലക്ട്രിക് സംവിധാനമാണ് ഈ വാഹനങ്ങളുടെ പ്രധാന കരുത്ത്.

ഒറ്റത്തവണ ചാർജ് ചെയ്താൽ 670 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇവയ്ക്ക് കഴിയും. വെറും 30 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ അതിവേഗം ചാർജ് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. ആറ് വർഷം അല്ലെങ്കിൽ രണ്ട് ലക്ഷം കിലോമീറ്റർ വരെ പ്രധാന ഘടകങ്ങൾക്ക് വാറണ്ടിയും സൗജന്യ മെയിന്റനൻസും നൽകുന്ന കമ്പനി, എട്ട് വർഷത്തെ ബാറ്ററി വാറണ്ടിയും ഉറപ്പുനൽകുന്നുണ്ട്. ചുവപ്പും കറുപ്പും ചേർന്ന നാപ്പ ലെതർ സീറ്റുകളും പ്രത്യേക ബാഡ്ജും നമ്പർ പ്ലേറ്റും ഈ എഡിഷനെ കൂടുതൽ പ്രീമിയമാക്കുന്നു.

Share