റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണം: ഒരു പൈലറ്റ് അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു

റിയാദ്: റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര
വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരു പൈലറ്റ് അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടതായി സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. വിമാനത്താവള അടിസ്ഥാന സൗകര്യങ്ങളെയും സഊദിയ എയർലൈൻസിനെയും ലക്ഷ്യം വെച്ച് രണ്ട് ആക്രമണങ്ങളാണുണ്ടായത്. ഇന്നലെയുണ്ടായ ആക്രമണത്തിൽ സഊദിയ എയർലൈൻസ് ക്യാപ്റ്റൻ ഹമൂദ് അലി അൽ ഖത്താമിയാണ് കൊല്ലപ്പെട്ടത്.

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ സംഭവത്തിൽ തങ്ങളുടെ ഒരു ജീവനക്കാരൻ രക്തസാക്ഷിയായ വിവരം സഊദിയ കമ്പനി അറിയിച്ചു. രക്തസാക്ഷിയുടെ കുടുംബത്തിന് ആത്മാർത്ഥമായ അനുശോചനവും സഹതാപവും രേഖപ്പെടുത്തിയ കമ്പനി, വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന തങ്ങളുടെ ഒരു വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതായും എന്നാൽ സംഭവസമയത്ത് വിമാനത്തിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി.

Share