‘ വിവാഹം കഴിക്കുമെന്ന് ഉറപ്പുനൽകി ചതിച്ചു’; പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമം; ബിഗ് ബോസ് താരത്തിനെതിരെ ഇൻഫ്ലുവൻസർ

തമിഴ് ബിഗ് ബോസ് താരം മുത്തുകുമരൻ ജഗദീശനെതിരെ ഗുരുതര ആരോപണങ്ങളുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വാഹിദ അക്ദർ. മുത്തുകുമരൻ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ചെന്ന ആരോപണങ്ങൾക്ക് പിന്നാലെ വാഹിദ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും റിപ്പോർട്ടുകളുണ്ട്. താൻ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അറിയിച്ച് വാഹിദ തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചത്.

‘നിർഭാഗ്യവശാൽ ആശുപത്രിയിൽ ജീവനോടെയുണ്ട്, അതുകൊണ്ട് ആശങ്കപ്പെടേണ്ട’ എന്നായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വാഹിദ കുറിച്ചത്. ആത്മഹത്യാശ്രമത്തിന് പിന്നിലും ബിഗ് ബോസ് താരമാണെന്ന് ആരോപിച്ച് വാഹിദ നേരത്തെ ഒരു വിഡിയോ പങ്കുവച്ചിരുന്നു. മുത്തുകുമരനൊപ്പമുള്ള സ്വകാര്യ വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ആരോപണങ്ങൾ.

‘അപ്പോൾ നിങ്ങൾ എന്നെ പറ്റിക്കുകയായിരുന്നല്ലേ!’ എന്നുപറഞ്ഞാണ് വാഹിദ വിഡിയോയിൽ ആരോപണങ്ങൾ ഉന്നയിച്ചത്.  ‌“എന്നെ മണ്ടിയാക്കിയതിനും വിഡിയോകളെല്ലാം നിർത്താൻ യാചിച്ചതിനും വളരെ നന്ദി. എന്നോട് സംസാരിച്ച് എന്നെ വിശ്വസിപ്പിച്ചപ്പോൾ ഉണ്ടായിരുന്ന ആ ധൈര്യത്തിൽ കുറച്ചെങ്കിലും എടുത്ത്, പറ്റുമെങ്കിൽ സത്യം പറയൂ. അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യൂ. പക്ഷേ എന്നെ ഇനി വിളിക്കരുത്. വീണ്ടും എന്നെ ഇതിലേക്ക് തള്ളിവിടുകയും ചെയ്യരുത്. നിങ്ങൾ പറഞ്ഞതെല്ലാം വെറും തമാശയായിരുന്നല്ലേ. വലിയ നന്ദി. എന്തിനാണോ ആവോ എന്നെ വീണ്ടും രക്ഷിച്ചത്… എനിക്കിനി താങ്ങാൻ പറ്റുന്നില്ല. എല്ലാം നുണയായിരുന്നു” എന്നായിരുന്നു വാഹിദയുടെ വാക്കുകൾ. നിലവിൽ ഇതുമായി ബന്ധപ്പെട്ട റീലുകളെല്ലാം വാഹിദ നീക്കം ചെയ്തിട്ടുണ്ട്.

മുത്തുകുമരനെ എങ്ങനെയാണ് പരിചയപ്പെട്ടതെന്നും പിന്നീട് ബന്ധം എങ്ങനെ വളർന്നുവെന്നും വാഹിദ വിഡിയോയിലൂടെ വിശദീകരിക്കുന്നുണ്ട്. പ്രണയത്തകർച്ചയിലൂടെ കടന്നുപോകുന്ന സമയത്താണ് മുത്തുകുമരനെ പരിചയപ്പെട്ടതെന്നും അദ്ദേഹത്തിന്‍റെ സ്നേഹത്തിൽ വീണുപോയെന്നുമാണ് വാഹിദ പറയുന്നത്.

തന്‍റെ ജീവിതത്തെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടും മുത്തുകുമരൻ തന്നെ സ്വീകരിച്ചെന്നും, താൻ ഒരു കുഞ്ഞിന്‍റെ അമ്മയാണെന്ന് അറിയാമായിരുന്നിട്ടും വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകിയെന്നും വാഹിദ ആരോപിക്കുന്നു. ഈ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് മുത്തുകുമരനുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടതെന്നും വാഹിദ പറയുന്നു. എന്നാൽ പിന്നീട് വിവാഹം കഴിക്കില്ലെന്നും ഇത്തരമൊരു ബന്ധത്തിൽ താൽപര്യമില്ലെന്നും മുത്തുകുമരൻ പറഞ്ഞതായാണ് ആരോപണം.

തന്‍റെ വിശ്വാസവും സ്നേഹവും മുത്തുകുമരൻ മുതലെടുത്ത് ചതിക്കുകയായിരുന്നെന്നാണ് വാഹിദയുടെ ആരോപണം. അതേസമയം, വാഹിദ ഉന്നയിച്ച ആരോപണങ്ങളിൽ മുത്തുകുമരന്‍റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ സാമൂഹികമാധ്യമങ്ങളിലും വലിയ ചർച്ചയാണ് നടക്കുന്നത്.

Share