‘മന്ത്രിമാരുള്‍പ്പടെ 25 എംഎല്‍എമാര്‍ ബിജെപിയിലേക്ക്’; ‘ഇപ്പോൾ തന്നെ കൊണ്ടുപൊയ്​ക്കോ’; പരിഹസിച്ച് ഡി.കെ

കര്‍ണാടകയില്‍ സര്‍ക്കാര്‍ താഴെ വീഴാന്‍ പോകുകയാണെന്നും കാബിനറ്റ് മന്ത്രിമാരുള്‍പ്പടെ 25 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിടുമെന്നുമുള്ള ബിജെപിയുടെ അവകാശവാദത്തില്‍ പരിഹാസവുമായി മുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍.

ചുമ്മാ സമയം കളയാതെ എന്നാല്‍ വേഗം കൂടെ കൊണ്ടു പോകൂവെന്നയിരുന്നു ഡി.കെയുടെ വാക്കുകള്‍. കര്‍ണാടക ബിജെപി പ്രസിഡന്‍റ് ബി.വൈ.വിജയേന്ദ്രയാണ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാന്‍ സന്നദ്ധരാണെന്ന് വെളിപ്പെടുത്തിയത്. 

കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് കേട്ടല്ലോ എന്ന ചോദ്യത്തിന് മറുപടി നല്‍കവേ ‘ഞങ്ങള്‍ക്ക് ഇപ്പോള്‍ ആളെ കൂട്ടാന്‍ പരിപാടിയില്ല, പക്ഷേ ഒരു കാര്യം ഞാന്‍ ഉറപ്പിച്ച് പറയാം.. തിരഞ്ഞെടുപ്പ് നാളെ പ്രഖ്യാപിച്ചാല്‍ ഡി.കെയുടെ കാബിനറ്റില്‍ നിന്നടക്കം 25 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും. ആ സ്ഥിതി നിലവിലുണ്ട്’ എന്നായിരുന്നു വിജയേന്ദ്രയുടെ മറുപടി. 

അങ്ങനെയെങ്കില്‍ ‘അവരെ ബിജെപിയിലേക്ക് ക്ഷണിക്കാന്‍ അദ്ദേഹത്തോട് പറയൂ, വെറുതേ വൈകിപ്പിക്കേണ്ടല്ലോ’ എന്ന് ഡി.കെ.യുടെ മറുപടി. രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിയിലും ജെഡിഎസിലുമുണ്ടായ ഭിന്നതയെയും ഡി.കെ.പരിഹസിച്ചു.’ ആരാണ് ക്രോസ് വോട്ട് ചെയ്തതെന്ന് കുമാരസ്വാമിയും പറയില്ല, വിജയേന്ദ്രയും പറയില്ല. അവരുടെ നേതാക്കന്‍മാരാണ് കോണ്‍ഗ്രസിന് ക്രോസ് വോട്ട് ചെയ്തത്. ഇതില്‍കൂടുതല്‍ എന്തു വേണം? ചുമ്മാ സമയം കളയാതെ നടപടിയാക്കാന്‍ വിജയേന്ദ്രയോട് പറ’- എന്നും ഡി.കെ. ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. 

മന്ത്രിസഭയിലുള്ളവരെ കുടുക്കാന്‍ സ്റ്റിങ് ഓപറേഷന്‍ കെണികള്‍ ഒരുങ്ങുന്നുണ്ടെന്നും സൂക്ഷിച്ച് പ്രവര്‍ത്തിക്കണമെന്നും ജാഗ്രത വേണമെന്നും മന്ത്രിമാര്‍ക്ക് ഡി.െക കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. തനിക്കും തന്‍റെ മന്ത്രിസഭയ്ക്കുമെതിരെ ഗൂഢാലോചന നടത്തുന്നവരെ അറിയാമെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

…..

Share