ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദേശവുമായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്

ജിദ്ദ: ഇന്ത്യക്കും സൗദി അറേബ്യക്കുമിടയിലുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഉംറ തീര്‍ഥാടകര്‍ക്കും ജാഗ്രതാനിര്‍ദേശവുമായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍.

യാത്രക്കാര്‍ തങ്ങളുടെ എയര്‍ലൈനുകളുമായി നിരന്തരം ബന്ധപ്പെട്ട് വിമാനങ്ങളുടെ സമയം ഉറപ്പുവരുത്തണമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.

വിമാന സര്‍വീസുകള്‍ റദ്ദാക്കല്‍, സമയമാറ്റം, ബദല്‍ യാത്രാസൗകര്യങ്ങള്‍, താമസസൗകര്യം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് അതത് എയര്‍ലൈനുകളുമായും ട്രാവല്‍ ഏജന്റന്മാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഉംറ സര്‍വീസ് പ്രൊവൈഡര്‍മാര്‍ എന്നിവരുമായും ബന്ധപ്പെടേണ്ടതാണ്. ദുരിതത്തിലായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട എയര്‍ലൈനുകളുമായും പ്രാദേശിക അധികൃതരുമായും കോണ്‍സുലേറ്റ് നിരന്തരം ബന്ധപ്പെട്ടുവരികയാണ്.

വിമാന സര്‍വീസുകള്‍ സംബന്ധിച്ച് എയര്‍ലൈനുകളില്‍ നിന്ന് ലഭിക്കുന്ന പുതിയ വിവരങ്ങള്‍ കോണ്‍സുലേറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പുറത്തുവിടും. യാത്രക്കാരെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കോണ്‍സുലേറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍:ടെലിഫോണ്‍: +966 12 2614093, +966 556122301 വാട്‌സ്ആപ്പ്: +966 536209704 ഇമെയില്‍: pbskcgi@gmail.com യാത്രക്കാര്‍ പരിഭ്രാന്തരാകാതെ ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും, കോണ്‍സുലാര്‍ സഹായം ആവശ്യമായ ഘട്ടങ്ങളില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നും കോണ്‍സുലേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Share