പണം കൊടുത്താൽ മുസ്ലിം പെൺകുട്ടികളുടെ വാട്സ്ആപ്പ് നമ്പർ; വിവാഹ ഗ്രൂപ്പുകളുടെ മറവിൽ ഓൺലൈൻ പണപ്പിരിവ്, സ്ത്രീകളുടെ സ്വകാര്യ വിവരങ്ങളും ദുരുപയോഗം ചെയ്യുന്നതായി പരാതി
വിവാഹ ഗ്രൂപ്പുകളുടെ മറവിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പുകളുടെയും യുവതികളുടെ സ്വകാര്യ വിവരങ്ങൾ പണമാക്കുന്ന സംഘങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തേക്ക്. വിവാഹ ഗ്രൂപ്പുകളുടെ മറവിലെ ഇടപാടുകൾ തുറന്നുകാട്ടുന്ന അന്വേഷണ പരമ്പരയുടെ ആദ്യ ഭാഗം.
കോഴിക്കോട്: മുസ്ലിം യുവതികളുടെ വിവാഹപരസ്യങ്ങളും ഫോൺ നമ്പറുകളും നൽകാമെന്ന് പറഞ്ഞ് യുവാക്കളിൽ നിന്ന് പണം ഈടാക്കുന്ന വാട്സ്ആപ്പ് സംഘങ്ങളെക്കുറിച്ച് വ്യാപക പരാതി. വിവിധ മാട്രിമോണിയൽ സൈറ്റുകളിലും പത്രങ്ങളിലും സന്നദ്ധ സംഘടനകളുടെയും പള്ളി കമ്മിറ്റികളുടെയും വിവാഹ ഗ്രൂപ്പുകളിലും നേരത്തെ പ്രസിദ്ധീകരിച്ച പരസ്യങ്ങൾ ശേഖരിച്ച്, അവയിലെ വിവരങ്ങളും ഫോൺ നമ്പറുകളും പണം വാങ്ങി വീണ്ടും വിതരണം ചെയ്യുന്നതായാണ് ആരോപണം.
പണം നൽകി ലഭിക്കുന്ന നമ്പറുകളിൽ പലതും പ്രവർത്തിക്കാത്തവയോ, മാസങ്ങൾക്കോ വർഷങ്ങൾക്കോ മുമ്പ് വിവാഹം കഴിഞ്ഞ സ്ത്രീകളുടേതോ ആയിരിക്കും. ചിലതാകട്ടെ വിവാഹപരസ്യവുമായി യാതൊരു ബന്ധവുമില്ലാത്തവരുടേതോ ആണെന്നും പരാതിയുണ്ട്. വിവാഹപരസ്യം നൽകിയിട്ടില്ലാത്ത സ്ത്രീകളുടെ നമ്പറുകൾ വരെ ഇത്തരം ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. ഇതോടെ അപരിചിതരിൽ നിന്നുള്ള നിരന്തര ഫോൺകോളുകളും വാട്സ്ആപ്പ് സന്ദേശങ്ങളും മൂലം നിരവധി കുടുംബങ്ങൾ ബുദ്ധിമുട്ടിലാകുന്നതായും വിവരമുണ്ട്.
‘Nikah First’, ‘Nikah Second’; പരസ്യങ്ങളിൽ നമ്പറുകളും
ലഭ്യമായ രേഖകൾ പ്രകാരം ‘Nikkah.Com’ , ‘Nikah First’, ‘Nikah Second’ എന്നീ പേരുകളിൽ വാട്സ്ആപ്പ് കമ്മ്യൂണിറ്റികൾ രൂപീകരിച്ചാണ് ഈ സംഘത്തിൻ്റെ പ്രവർത്തനം. ആദ്യവിവാഹം അന്വേഷിക്കുന്നവർക്കും പുനർവിവാഹം അന്വേഷിക്കുന്നവർക്കുമായി വേർതിരിച്ചാണ് ഇവ പ്രവർത്തിക്കുന്നത്.
ഗ്രൂപ്പുകളിൽ നൽകുന്ന വിവാഹപരസ്യങ്ങളിൽ യുവതിയുടെ പ്രായം, സ്ഥലം, വിദ്യാഭ്യാസം, ജോലി, കുടുംബവിവരങ്ങൾ, മതപരമായ മുൻഗണനകൾ, വരനിൽ പ്രതീക്ഷിക്കുന്ന യോഗ്യതകൾ എന്നിവയ്ക്കൊപ്പം ഫോൺ നമ്പറും പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ ഈ ഫോണ് നമ്പർ ഗ്രൂപ്പ് അഡ്മിൻ്റേതായിരിക്കും.
വിവാഹപരസ്യവുമായി ബന്ധപ്പെട്ട് ഈ നമ്പറിൽ അഡ്മിനെ സമീപിക്കുന്നവരോട് ആദ്യം പണം ആവശ്യപ്പെടുകയും പണമടച്ചവർക്ക് യുവതിയുടെയോ കുടുംബത്തിന്റെയോ ഫോൺ നമ്പർ നൽകുകയും ചെയ്യുന്ന രീതിയാണ് പിന്തുടരുന്നതെന്നാണ് പരാതിക്കാർ പറയുന്നത്.
ഒരേ പരസ്യം നിരവധി പേർക്ക്; 500 മുതൽ 1000 രൂപ വരെ
യുവതികളുടെ വിവാഹപരസ്യത്തിലെ നമ്പർ ലഭിക്കുന്നതിന് ഒരാളിൽ നിന്ന് 500 രൂപ, 1000 രൂപ എന്നിങ്ങനെ ഈടാക്കുന്നുണ്ടെന്നാണ് പരാതി. ഒരേ പരസ്യത്തിലെ നമ്പർ തന്നെ നിരവധി പേർക്ക് നൽകുന്നതിനാൽ ഒറ്റ പരസ്യത്തിൽ നിന്നുതന്നെ നൂറുകണക്കിന് ആളുകളിൽ നിന്ന് പണം സമാഹരിക്കാൻ കഴിയുന്ന രീതിയിലാണ് പ്രവർത്തനം. ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്ന പുതിയ ആളുകൾക്ക് വേണ്ടി ഇതേ പരസ്യം തന്നെ ദിസങ്ങൾക്ക് ശേഷം വീണ്ടും നൽകും.
പണമടച്ചവരെ പ്രത്യേക ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തി ദിവസേന വിവാഹപരസ്യങ്ങളും ഫോൺ നമ്പറുകളും കൈമാറുന്നതായും വിവരമുണ്ട്. എന്നാൽ ലഭിക്കുന്ന നമ്പറുകളിൽ ചിലത് പരിശോധിക്കുമ്പോൾ പരസ്യത്തിലെ വ്യക്തിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് പണം നൽകിയവരുടെ പരാതി.
പഴയ മാട്രിമോണിയൽ പരസ്യങ്ങൾ കാലാവധി കഴിഞ്ഞിട്ടും വീണ്ടും വിതരണം ചെയ്യുന്നതും പതിവാണെന്ന് പരാതിക്കാർ പറയുന്നു. ഇതിനിടെ വിവാഹം കഴിഞ്ഞവരുടെ വിവരങ്ങളും ഫോൺ നമ്പറുകളും വരെ പുതിയ വിവാഹപരസ്യമെന്ന നിലയിൽ പ്രചരിക്കുന്നതായും ആരോപണമുണ്ട്.
.
.
സൗജന്യ വിവാഹ ഗ്രൂപ്പുകളിൽ നിന്നുള്ള പരസ്യങ്ങളും ശേഖരിച്ച് പണം വാങ്ങി കൈമാറുന്നു
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ, പള്ളി കമ്മിറ്റികൾ തുടങ്ങിയവയുടെ കീഴിലുള്ള വിവാഹ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സൗജന്യമായി പങ്കുവയ്ക്കുന്ന വിവാഹപരസ്യങ്ങളും ഇത്തരം സംഘങ്ങൾ ശേഖരിച്ച് സ്വന്തം സേവനത്തിലൂടെ പണം വാങ്ങി വിതരണം ചെയ്യുന്നതായാണ് പരാതി.
രജിസ്റ്റർ ചെയ്ത മാട്രിമോണിയൽ സൈറ്റുകളിൽ നിന്നും പത്രങ്ങളിൽ നിന്നും ലഭിച്ച പഴയ പരസ്യങ്ങളും ഇത്തരത്തിൽ ഉപയോഗിക്കുന്നതായി പരാതിക്കാർ പറയുന്നു. ഇതിലൂടെ പരസ്യം ആദ്യം നൽകിയ വ്യക്തിക്കോ കുടുംബത്തിനോ തങ്ങളുടെ വിവരങ്ങൾ പിന്നീട് എവിടെയൊക്കെ എത്തുന്നുവെന്ന് അറിയാൻ പോലും കഴിയാത്ത സാഹചര്യമാണുണ്ടാകുന്നത്. വിവാഹം കഴിഞ്ഞാലും ഈ പരസ്യം വർഷങ്ങളോളം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.
പരസ്യം നൽകിയിട്ടില്ല; എന്നിട്ടും ഫോൺ കോളുകളുടെ പ്രവാഹം
ഇതിൽ ഏറ്റവും ഗുരുതരമായ പരാതി വിവാഹപരസ്യം നൽകിയിട്ടില്ലാത്തവരുടെ നമ്പറുകൾ വരെ വിവാഹാലോചനകളോടൊപ്പം പ്രചരിപ്പിക്കുന്നുവെന്നതാണ്.
അപരിചിതരിൽ നിന്ന് വിവാഹാലോചന ആവശ്യപ്പെട്ട് തുടർച്ചയായി കോളുകളും സന്ദേശങ്ങളും വന്നതോടെയാണ് ചിലർ തങ്ങളുടെ നമ്പർ ഇത്തരം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നൽകിയിട്ടുണ്ടെന്ന് അറിയുന്നത്. പരസ്യം തങ്ങളുടേതല്ലെന്നും നമ്പർ നീക്കം ചെയ്യണമെന്നും അറിയിച്ചിട്ടും കാര്യമായ പ്രതികരണം ലഭിക്കാത്ത സംഭവങ്ങളുണ്ടെന്നും പരാതിയുണ്ട്.
ഗ്രൂപ്പുകളുടെ നടത്തിപ്പുകാരെ നേരിട്ട് ബന്ധപ്പെടുന്നതിനും ബുദ്ധിമുട്ടുണ്ടെന്നാണ് ആരോപണം. ഫോൺ വിളിച്ചാൽ എടുക്കാത്തതും സാധാരണ പരാതികൾക്ക് വൈകി മറുപടി നൽകുന്നതും പതിവാണെന്നും എന്നാൽ പണമടയ്ക്കുന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങൾക്ക് വേഗത്തിൽ പ്രതികരിക്കുന്നതായും പരാതിക്കാർ പറയുന്നു.
പണം സ്വീകരിക്കുന്നത് ‘HAPCO MEDIA’ എന്ന പേരിൽ
പണമടയ്ക്കുന്നതിനായി നൽകുന്ന QR കോഡിൽ HAPCO MEDIA എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. Google Pay, Paytm, PhonePe ഉൾപ്പെടെയുള്ള UPI ആപ്പുകൾ വഴി പണമടയ്ക്കാനുള്ള സംവിധാനവും ഇതിലുണ്ട്. Malayalam News Desk-ന് ലഭിച്ച പണമിടപാട് രേഖകളിൽ HAPCO MEDIA എന്ന പേരിലേക്ക് നിരവധി പേർ പണം കൈമാറിയതായി കാണാം.
.
പഴയ നമ്പർ ഇപ്പോൾ മറ്റൊരാളുടേത്
മാസങ്ങൾക്കോ വർഷങ്ങൾക്കോ മുമ്പുള്ള വിവാഹപരസ്യങ്ങളിലെ നമ്പറുകൾ പുതുക്കി പരിശോധിക്കാതെയാണ് വീണ്ടും നൽകുന്നതെങ്കിൽ മറ്റൊരു ഗുരുതര പ്രശ്നവും ഉണ്ടാകും. പഴയ മൊബൈൽ നമ്പർ ഉപേക്ഷിച്ചതിനെ തുടർന്ന് ടെലികോം കമ്പനി അതേ നമ്പർ മറ്റൊരാൾക്ക് അനുവദിച്ചിരിക്കാം.
ഇത്തരം സാഹചര്യത്തിൽ പണം നൽകി നമ്പർ വാങ്ങുന്നവർ വിളിക്കുമ്പോൾ വിവാഹപരസ്യവുമായി ഒരു ബന്ധവുമില്ലാത്ത പുതിയ നമ്പർ ഉടമയ്ക്കാണ് കോളുകൾ എത്തുന്നത്. പണം വാങ്ങി നൽകുന്ന വിവരങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് ഉറപ്പുവരുത്തുന്ന സംവിധാനം ഇല്ലെന്ന പരാതിക്ക് ഇത്തരം സംഭവങ്ങൾ കൂടുതൽ ബലം നൽകുന്നു.
.

.
എഐ ചിത്രങ്ങളും ഉപയോഗിക്കുന്നതായി ആരോപണം
ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും ഇത്തരം വിവാഹപരസ്യങ്ങൾ പ്രചരിപ്പിക്കുന്നതായി ആരോപണമുണ്ട്. എഐ ഉപയോഗിച്ച് സുന്ദരികളായ യുവതികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന പോസ്റ്റുകളിലൂടെയാണ് ഇവർ യുവാക്കളെ ആകർഷിക്കുന്നത്.
ഇത്തരം ചിത്രങ്ങൾക്കൊപ്പം വിവാഹത്തിനായി യുവതി തയ്യാറാണെന്ന രീതിയിൽ വിവരങ്ങൾ നൽകി അഡ്മിന്റെ നമ്പർ ചേർക്കുകയും, കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടാനുള്ള നമ്പറിനുമായി പണം ആവശ്യപ്പെടുകയും ചെയ്യുന്ന രീതിയാണെന്നാണ് പരാതി.
പണം നൽകിയ ശേഷം ലഭിക്കുന്ന നമ്പറിൽ വിളിക്കുമ്പോൾ വിവാഹം കഴിഞ്ഞ സ്ത്രീകളെയോ പരസ്യത്തെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത ആളുകളെയോ ലഭിക്കുന്ന സാഹചര്യമുണ്ടെന്നും പരാതിക്കാർ പറയുന്നു.
യഥാർഥ Nikah.com-മായി ബന്ധമില്ല; സമാന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ
ഈ സംഘത്തിൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പുകൾക്ക് ഉപയോഗിക്കുന്ന ‘Nikah.Com’, ‘Nikah First’, ‘Nikah Second’ എന്നീ പേരുകൾ, nikah.com എന്ന പേരിൽ നിലവിൽ പ്രവർത്തിക്കുന്ന മാട്രിമോണിയൽ സ്ഥാപനവുമായി ബന്ധമില്ലെന്നാണ് ലഭ്യമായ വിവരങ്ങളും രേഖകളും പരിശോധിച്ചതിൽ നിന്ന് മനസിലാകുന്നത്. ഈ വാട്സ്ആപ്പ് ഗ്രൂപ്പുകൾക്ക് യഥാർഥ Nikah.com-മായി ബന്ധമുള്ളതായി കണ്ടെത്താനായിട്ടില്ല.
യഥാർഥ Nikah.com എന്ന പേരിൽ പ്രവർത്തിക്കുന്ന മൊബൈൽ ആപ്പ് വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന മറ്റൊരു മുസ്ലിം മാട്രിമോണിയൽ പ്ലാറ്റ്ഫോമാണ്. സേവനം ഉപയോഗിക്കുന്നവർ ആദ്യം സ്വന്തം മൊബൈൽ നമ്പറും ആവശ്യമായ വ്യക്തിവിവരങ്ങളും നൽകി പ്രൊഫൈൽ സൃഷ്ടിക്കണം. മൊബൈൽ നമ്പർ verification ഉൾപ്പെടെയുള്ള നടപടികളും ഇതിന്റെ ഭാഗമാണ്. മറ്റൊരാളുടെ പേരിൽ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ പ്രൊഫൈൽ സൃഷ്ടിക്കുന്ന സാഹചര്യത്തിലും ബന്ധപ്പെട്ട വ്യക്തിയുടെ സമ്മതം ഉണ്ടായിരിക്കണമെന്ന് സ്ഥാപനത്തിന്റെ നിബന്ധനകളിൽ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ ഇവരുടെ Nikah.com, Nikah First, Nikah Second വാട്സ്ആപ്പ് കമ്മ്യൂണിറ്റികളിൽ പ്രസിദ്ധീകരിക്കുന്നത്, മറ്റിടങ്ങളിൽ പ്രസിദ്ധീകരിച്ച വിവാഹപരസ്യങ്ങളും ഫോൺ നമ്പറുകളും ശേഖരിച്ച് വീണ്ടും വിതരണം ചെയ്യുന്നതായാണ് കണ്ടെത്തിയത്. ഇവയുടെ ചില സന്ദേശങ്ങളിൽ അഡ്മിൻ ‘Nikkah.Com’ എന്ന പേരിലാണ് പ്രത്യക്ഷപ്പെടുന്നത്. യഥാർഥ Nikah.com നിലവിൽ ഉപയോഗിക്കുന്ന ഔദ്യോഗിക ലോഗോയും ഈ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കാണുന്ന ലോഗോയും വ്യത്യസ്തമാണ്.
സ്ത്രീകളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണി
പണം നഷ്ടപ്പെടുന്നതിലുപരി സ്ത്രീകളുടെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുന്നതാണ് സംഭവത്തിന്റെ ഗൗരവം. ഫോൺ നമ്പർ, താമസസ്ഥലം, പ്രായം, വിദ്യാഭ്യാസം, ജോലി, കുടുംബവിവരങ്ങൾ, വിവാഹസ്ഥിതി തുടങ്ങിയ സ്വകാര്യ വിവരങ്ങൾ ബന്ധപ്പെട്ടവരുടെ അറിവോ സമ്മതമോ ഇല്ലാതെ വലിയ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചാൽ അവ പിന്നീട് എവിടെയെത്തുമെന്ന് നിയന്ത്രിക്കാനാവില്ല.
ഇത്തരം വിവരങ്ങൾ നൂറുകണക്കിന് ആളുകളിലേക്ക് പണം വാങ്ങി കൈമാറുമ്പോൾ അനാവശ്യ ഫോൺകോളുകൾ, ശല്യം, വ്യാജ അക്കൗണ്ടുകൾ, മറ്റു തരത്തിലുള്ള ദുരുപയോഗം എന്നിവയ്ക്കുള്ള സാധ്യതയും വർധിക്കും.
സ്ത്രീകളുൾപ്പെടെയുള്ളവരാണ് ചില ഗ്രൂപ്പുകളുടെ പ്രവർത്തനത്തിന് പിന്നിലെന്ന ആരോപണവും പരാതിക്കാർ ഉന്നയിക്കുന്നു.
ഫോൺകോളുകളും വാട്സ്ആപ്പ് സന്ദേശങ്ങളും മൂലം ബുദ്ധിമുട്ടിലായവരും പണം നൽകി വഞ്ചിക്കപ്പെട്ടവരും സൈബർ സെല്ലിനെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.
നിരവധി ഗ്രൂപ്പുകൾക്കെതിരെയും പരാതികൾ
വിവാഹ സേവനങ്ങളുടെ പേരിൽ പ്രവർത്തിക്കുന്ന മറ്റു ഓൺലൈൻ ഗ്രൂപ്പുകളെക്കുറിച്ചും Malayalam News Desk-ന് നിരവധി പരാതികളും രേഖകളും ലഭിച്ചിട്ടുണ്ട്. ഓരോ പരാതിയുടെയും ആധികാരികത പരിശോധിച്ച്, ബന്ധപ്പെട്ടവരുടെ വിശദീകരണം തേടിയ ശേഷമുള്ള കണ്ടെത്തലുകൾ അന്വേഷണ പരമ്പരയുടെ തുടർഭാഗങ്ങളിൽ പ്രസിദ്ധീകരിക്കും.
അന്വേഷണ പരമ്പര തുടരും…
ഉടൻ വായിക്കാം: ‘സൂപ്പർ മാമ’യുടെ വിവാഹ ഗ്രൂപ്പ്; പണമിടപാടുകൾക്ക് പിന്നിലെന്ത്?


