സൗദിയുടെ എണ്ണക്കയറ്റുമതി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ; ആകാശത്തുവച്ച് തകർത്ത് സഖ്യസേന
റിയാദ്: സൗദി അറേബ്യയുടെ പടിഞ്ഞാറൻ ചെങ്കടൽ തീരമേഖല ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ തൊടുത്ത ബാലിസ്റ്റിക് മിസൈൽ സൗദി സഖ്യസേന വിജയകരമായി തടഞ്ഞു തകർത്തതായി സഖ്യസേന വക്താവ് തുർക്കി അൽ മാലികി അറിയിച്ചു.
സൗദിയുടെ പ്രമുഖ ഊർജ അടിസ്ഥാനസൗകര്യ കേന്ദ്രങ്ങളും പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ യാൻബു ടെർമിനലും തെക്കുപടിഞ്ഞാറൻ അതിർത്തിയിലെ ജിസാൻ റിഫൈനറിയും സ്ഥിതി ചെയ്യുന്ന പടിഞ്ഞാറൻ മേഖലയെ ലക്ഷ്യമാക്കിയാണ് ആക്രമണ ശ്രമം നടന്നത്.
അതേസമയം, സൗദി അറേബ്യയിലെ മക്ക പ്രവിശ്യയിൽ ചെങ്കടൽ തീരത്തു സ്ഥിതി ചെയ്യുന്ന റാബിഗ് എണ്ണശുദ്ധീകരണ ശാലയ്ക്കു (ഓയിൽ റിഫൈനറി) നേരെ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ അവകാശപ്പെട്ടു. റിയാദ് പ്രവിശ്യയിലെ അൽ ദവാസിർ മേഖലയിലുള്ള റഡാർ സംവിധാനത്തിനു നേരെയും ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സരീ വ്യക്തമാക്കി.


