തിരിച്ചടിച്ച് സഊദി സഖ്യസേന: 136 കേന്ദ്രങ്ങൾ തകർത്തു, 1,400 പേർ കൊല്ലപ്പെട്ടു

റിയാദ്: ഹൂതി വിമതരെ ലക്ഷ്യമിട്ട് സഖ്യസേന വലിയ തോതിലുള്ള സൈനിക ഓപ്പറേഷൻ നടത്തി. ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ 136 സൈനിക ലക്ഷ്യങ്ങൾ സഖ്യസേന തകർത്തതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു.

ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ശൃംഖല തകർക്കാനും യെമൻ സായുധസേനാ യൂണിറ്റുകൾക്ക് 24 മണിക്കൂറും വ്യോമ പിന്തുണ നൽകാനും സഖ്യസേന പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാൻ പിന്തുണയുള്ള ഹൂതി സായുധസംഘത്തിൽനിന്ന് ദുബാബ് ജില്ലയും ബാബ് അൽമന്ദബ് കടലിടുക്കും പൂർണമായി മോചിപ്പിച്ചതായി യെമൻ ഡപ്യൂട്ടി പ്രതിരോധ മന്ത്രി മേജർ ജനറൽ സമീർ അൽസ്വബ്‌രി പ്രഖ്യാപിച്ചു. തഇസ് ഗവർണറേറ്റിലും മാരിബിലും പോരാട്ടങ്ങൾ ശക്തമായി തുടരുകയാണ്. യെമൻ പ്രഭാതം (‘Dawn of Yemen’) എന്ന് പേരിട്ടിരിക്കുന്ന ഈ ഓപ്പറേഷന്റെ ആത്യന്തിക ലക്ഷ്യം ഹൂതികളുടെ നിയന്ത്രണം അവസാനിപ്പിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘ഡോൺ ഓഫ് യെമൻ’ ഓപ്പറേഷന്റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന വ്യോമാക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലും 1,400ലധികം ഹൂതികൾ കൊല്ലപ്പെട്ടതായി യെമൻ സായുധസേനാ വക്താവ് കേണൽ മാജിദ് അബ്ദുല്ല അൽനുസൈലി അറിയിച്ചു. ഹൂതി കേന്ദ്രങ്ങൾക്കും കോട്ടകൾക്കുമെതിരെ 2,750ലധികം കൃത്യമായ ആക്രമണങ്ങളാണ് സഖ്യസേന നടത്തിയത്. പീരങ്കി കേന്ദ്രങ്ങൾ, ആയുധപ്പുരകൾ, നിരീക്ഷണ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ 250-ലധികം സൈനിക വാഹനങ്ങളും യുദ്ധ ഉപകരണങ്ങളും തകർത്തു.

അൽഅറദി ക്യാംപ് പിടിച്ചെടുത്ത സർക്കാർ സേന, തന്ത്രപ്രധാനമായ മയൂൻ ദ്വീപിന്റെയും ബാബ് അൽമന്ദബ് കടലിടുക്കിന്റെയും നിയന്ത്രണം ജയന്റ്‌സ് ബ്രിഗേഡുകളുടെയും ഹോംലാൻഡ് ഷീൽഡ് സേനകളുടെയും സഹായത്തോടെ പിടിച്ചെടുത്തു. ക്യാംപിലുണ്ടായിരുന്ന ചില ഹൂതി അംഗങ്ങൾ ആയുധംവച്ച് കീഴടങ്ങിയതായും റിപ്പോർട്ടുണ്ട്. രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ തിരിച്ചുപിടിക്കാനും സർക്കാരിന്റെ സ്ഥാപനങ്ങൾ പുനഃസ്ഥാപിക്കാനുമുള്ള ലക്ഷ്യത്തോടെയുള്ള സൈനിക നടപടികൾ വിവിധ മുന്നണികളിൽ ശക്തമായി തുടരുകയാണ്.

….

Share