‘എന്നെ അറസ്റ്റ് ചെയ്തേക്കാം, ഭയമില്ല; എന്തുവന്നാലും സമരത്തിൽ നിന്ന് പിന്നോട്ടില്ല’; അഭിജീത് ദിപ്കെ
ന്യൂഡൽഹി: എന്തൊക്കെ വെല്ലുവിളികൾ നേരിട്ടാലും ഇന്ന് ജന്തർമന്തറിൽ പ്രഖ്യാപിച്ച പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. പ്രക്ഷോഭത്തിനായി സിജെപി നേതാക്കൾ രാവിലെ മുംബൈയിൽ നിന്നും ദില്ലിയിലെത്തും. അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക, സൌരവ് ദാസ് തുടങ്ങിയ നേതാക്കൾ രാവിലെ 10.15ന് ആണ് എത്തുക.
വിമാനത്താവളത്തിൽ നിന്നും നേരെ ജന്തർ മന്തറിലേക്ക് പോകാനാണ് തീരുമാനം. ഡൽഹിയിൽ വിമാനമിറങ്ങിയ ശേഷം എനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും എയർപോർട്ടിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും അഭിജിത് ദീപ്കെ പറഞ്ഞു. അറസ്റ്റിനെ ഭയമില്ലെന്നും സമാധാനപരമായി സമരം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും അഭിജീത് വ്യക്തമാക്കി.
തനിക്കെതിരെ യുഎപിഎയോ ദേശീയ സുരക്ഷാ നിയമമോ ചുമത്തിയാലും ആവശ്യത്തിൽ നിന്ന് പിൻവാങ്ങില്ല. രാജ്യത്ത് സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കണം എന്നതാണ് ആവശ്യമെന്നും അഭിജീത് ദിപ്കെ വ്യക്തമാക്കി. താൻ അറസ്റ്റിലോ കസ്റ്റഡിയിലോ ആയാൽ പോലും സമരം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
“നാളെ ഞങ്ങളുടെ മാർച്ച് ജന്തർമന്തറിൽ നടക്കും. അതിനായി നാളെ രാവിലെ ഞാൻ മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് തിരിക്കും. ഡൽഹിയിൽ വിമാനമിറങ്ങിയ ശേഷം എനിക്ക് എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. എയർപോർട്ടിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്യപ്പെടുമോ അതോ അതിനുശേഷമോ എന്ന് ഉറപ്പില്ല. എന്നാൽ ഒരു കാര്യം ഉറപ്പാണ്, ഞാൻ പിന്നോട്ട് പോകില്ല, എനിക്ക് യാതൊരു ഭയവുമില്ല. കാരണം നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കേണ്ടതുണ്ട്”- അഭിജീതിന്റെ വാക്കുകൾ.
അതേസമയം പ്രക്ഷോഭം അടിച്ചമർത്താൻ ഡൽഹിയിൽ സമ്പൂർണ പൊലീസ്‌രാജ് ഏർപ്പെടുത്തി. 57 മെട്രോ സ്‌റ്റേഷനും ന്യൂഡൽഹി, നിസാമുദ്ദീൻ റെയിൽവേ സ്‌റ്റേഷനുകളും അടച്ചിടാൻ പൊലീസ് നിർദേശിച്ചിരിക്കയാണ്. യുവജനങ്ങളെ അറസ്റ്റ് ചെയ്‌ത് കൊണ്ടുപോകാൻ നൂറുകണക്കിന് ബസുകൾ സജ്ജമാക്കി. 23,000 അർധസൈനികരെ നിരത്തുകളിൽ അധികമായി വിന്യസിച്ചു. 37 ചെക്ക് പോയിന്റുകൾ കടന്നുവേണം ജന്തർമന്തറിലെത്താൻ. ഫലത്തിൽ ഡൽഹിയെ പൂർണമായും തടങ്കലിലാക്കിയിരിക്കയാണ് കേന്ദ്രസർക്കാർ.
പ്രക്ഷോഭകരുടെ ഒത്തുചേരൽ തടയാൻ വെള്ളി രാത്രി 10 മുതൽ ശനി രാത്രി 10 വരെ ജന്തർ മന്തറിന്റെ നാലുകിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണിത്. പ്രക്ഷോഭകർ ബന്ധപ്പെടുന്നതും സമൂഹമാധ്യമങ്ങളിലെ പ്രചരണവും തടയാനാണ് ഇന്റർനെറ്റ് നിരോധനം.


