സൗദി വ്യോമാതിർത്തിയിലെ യാത്രാവിമാനങ്ങൾ ആക്രമിക്കുമെന്ന് ഹൂതി വിമതർ

ദുബായ്: സൗദി അറേബ്യയുടെ വ്യോമാതിർത്തിയിലൂടെ പോകുന്ന യാത്രാവിമാനങ്ങൾ ആക്രമിക്കുമെന്ന് ഹൂതി വിമതർ മുന്നറിയിപ്പ് നൽകിയതോടെ പ്രവാസികൾ ഉൾപ്പെടെ കടുത്ത ആശങ്കയിൽ. യെമനിൽ ഹൂതി വിമതർ കൈയടക്കിയ പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ സൗദിയുടെ നേതൃത്വത്തിൽ സൈനിക നടപടി തുടങ്ങിയതോടെയാണ് മുന്നറിയിപ്പുമായി വിമതർ എത്തിയത്. എന്നാൽ സൗദി ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഡോൺ ഒഫ് യെമൻ എന്നുപേരിട്ടിരിക്കുന്ന സൈനിക നടപടിയാണ് സൗദിയുടെ സഹായത്താേടെ യെമൻ നടത്തുന്നത്. യെമൻ തുറമുഖ നഗരമായ മോക്ക കടുത്ത പോരാട്ടത്തിനൊടുവിൽ തിരിച്ചുപിടിച്ചു. ഒരുമാസം മുമ്പാണ് മോക്ക വിമതൽ പിടിച്ചെടുത്തത്. തന്ത്രപ്രധായ തുറമുഖ നഗരമായ മോക്ക തങ്ങളുടെ കൈപ്പിടിയിലായതോടെ ചെങ്കടലിലെ ബാബുൽ മൻദിബ് കടലിടുക്കിന്റെ നിന്ത്രണവും അവർക്കായിരുന്നു.

യെമൻ തലസ്ഥാനമായ സന പിടിച്ചെടുക്കുന്നതിനുള്ള സൈനിക നടപടികളാണ് ഇപ്പോൾ നടക്കുന്നത്. അതിരൂക്ഷമായ ഏറ്റുമുട്ടലാണ് ഇതിന്റെ ഭാഗമായി നടക്കുന്നതെന്നാണ് റിപ്പോർട്ട്. സൗദിയുടെ 100 യുദ്ധവിമാനങ്ങളാണ് യെമന്റെ ഔദ്യോഗിക സേനയ്ക്ക് പിന്തുണനൽകുന്നത്. സൈന്യം സനയിലേക്ക് മുന്നേറുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2014 മുതൽ സന ഹൂതികളുടെ കൈവശമാണ്.ഹൂതികളുടെ ആയുധകേന്ദ്രങ്ങൾ, ആയുധങ്ങൾ എത്തിക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവയാണ് പ്രധാന ആക്രമണ ലക്ഷ്യങ്ങൾ. ഇതിലൂടെ വിമതരെ പൂർണമായി തളർത്താനാണ് ലക്ഷ്യമിടുന്നത്. ഹൂതികളുടെ 1,122 കേന്ദ്രങ്ങൾക്കുനേരെ ആക്രമണം നടത്തിയെന്നാണ് യെമൻ സൈനിക വൃത്തങ്ങൾ അറിയിക്കുന്നത്. ആക്രമണം കടുത്തനാശമാണ് വിമതർക്ക് ഉണ്ടാക്കിയിരിക്കുന്നത്.

Share