‘മരിക്കാൻ ഭയമില്ല’, ഫ്ലൈദുബായ് വിമാനം തകർ‌ക്കാൻ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ദുബായ്: ടെൽ അവീവിലേക്ക് പോകുകയായിരുന്ന ഫ്‌ളൈദുബായ് വിമാനം തകർക്കാൻ ശ്രമിച്ച കേസിൽ വിമാനം മനഃപൂർവം തകർക്കാനായിരുന്നു താൻ ലക്ഷ്യമിട്ടിരുന്നതെന്ന് ഹമാം അൽ ഹമ്മാമി (29).

മരണത്തെ തനിക്ക് ഭയമില്ലെന്നും ഹമ്മാമി പറഞ്ഞതായി അന്വേഷണവുമായി ബന്ധപ്പെട്ട സൗദി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. തീവ്രവാദ ആശയങ്ങളിലേക്ക് ഇയാൾ എങ്ങനെ എത്തിപ്പെട്ടുവെന്നും നേരത്തെ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ട ഇയാളെ വീണ്ടും കോക്ക്പിറ്റിൽ ജോലിക്ക് പ്രവേശിപ്പിച്ചതെങ്ങനെയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

‘ലോകത്തിന്റെ മുഴുവൻ ഹീറോ’:സ്മിത് മച്ചാറിനെ ഇസ്രയേൽ സ്വാതന്ത്ര്യദിനത്തിൽ ആദരിക്കാൻ നെതന്യാഹു, ക്യാപ്റ്റന് ക്ഷണം
ഹമ്മാമി തീവ്രവാദ വെബ്‌സൈറ്റുകൾ സ്ഥിരമായി സന്ദർശിക്കുന്നതായി കണ്ടെത്തുകയും തുടർന്ന് ഇയാളുടെ ആദ്യ വ്യോമയാന തൊഴിലുടമയായ സർക്കാർ ഉടമസ്ഥതയിലുള്ള ഒമാൻ എയർ വിമാന സർവീസിൽ നിന്ന് മാറ്റിനിർത്തുകയായിരുന്നു. തുടർന്ന് ഹമ്മാമിയെ ഡീറാഡിക്കലൈസേഷൻ പരിപാടിയിൽ പങ്കെടുപ്പിച്ചെന്നും പിന്നീട് ഡെസ്‌ക് ജോലിയിൽ നിയമിച്ചെന്നും അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാവുന്നവർ വാൾ സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.

ഒമാൻ എയർ വിട്ടതിന് പിന്നാലെ ഹമ്മാമി യുഎഇയിൽ ജോലി കണ്ടെത്തുകയായിരുന്നു. 2026 ഫെബ്രുവരിയിൽ ഫ്‌ളൈ ദുബായ് ഇയാളെ ജോലിയിൽ പ്രവേശിപ്പിച്ചു. നേരത്തെയുള്ള ഹമ്മാമിയുടെ പശ്ചാത്തലത്തെക്കുറിച്ച് ഫ്‌ളൈ ദുബായ്ക്ക് എന്തെല്ലാം വിവരങ്ങൾ ലഭ്യമായിരുന്നുവെന്നത് വ്യക്തമല്ല. നിയമനത്തിന് മുമ്പ് ഒമാനോട് വിവരങ്ങൾ തേടിയിരുന്നോ എന്നതും അന്വേഷണത്തിന്റെ ഭാഗമാണ്.
ഹമ്മാമി സിറിയയിൽ ചെലവഴിച്ച കാലയളവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഒമാനി പിതാവിനും സിറിയൻ മാതാവിനും ജനിച്ച ഹമ്മാമി, സിറിയൻ ആഭ്യന്തര യുദ്ധകാലത്ത് തന്റെ കൗമാരത്തിന്റെ ഒരു ഭാഗം മുഴുവനും സിറിയയിലാണ് ചെലവഴിച്ചത്.

ഇസ്ലാമിക വിമതർ ബാഷർ അൽ അസദിന്റെ സർക്കാരിനെതിരെ പോരാടിയിരുന്ന കാലത്ത് തന്നെ ഹമ്മാമി തീവ്രവാദ ആശയങ്ങളിൽ ആകർഷിക്കപ്പെട്ടിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. ഫ്‌ളൈ ദുബായ് വിമാനത്തിൽ ആക്രമണം നടത്തുന്നതിന് മുമ്പുള്ള ഹമ്മാമിയുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളും അന്വേഷണത്തിൽ നിർണായകമായേക്കും. അതേസമയം എക്സ് അക്കൗണ്ടിലെ 3,000ത്തിലേറെ പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ ഇപ്പോഴും ഇന്റർനെറ്റ് ആർക്കൈവിൽ ലഭ്യമാണെന്നാണ് വിവരം.സ്ത്രീകൾ ജോലി ചെയ്യുന്നതിനെ എതിർക്കുന്ന നിലപാടുകളും യാഥാസ്ഥിതിക ആശയങ്ങളും ഉൾപ്പെടുന്നതാണ് ചില പോസ്റ്റുകൾ.

പർദ ധരിക്കുന്ന സ്ത്രീകളോടുള്ള താൽപര്യവും പോസ്റ്റുകളിൽ പ്രകടമായിരുന്നു. സൗദി സ്ത്രീകളുമായി ബന്ധപ്പെടുന്നതിനായി വ്യാജ അക്കൗണ്ട് സൃഷ്ടിച്ചതിനെക്കുറിച്ചും ഒരു പോസ്റ്റിൽ പരാമർശമുണ്ട്. ഭാര്യ ജോലി ചെയ്യരുതെന്ന് മറ്റൊരു പോസ്റ്റിൽ ഹമാമി വ്യക്തമാക്കിയിരുന്നു. പിന്നീട് ഹമ്മാമി ഇത് നീക്കം ചെയ്തു.

എന്നാൽ സോഷ്യൽ മീഡിയയിലെ ഇത്തരം നിലപാടുകൾ മാത്രം അടിസ്ഥാനമാക്കി ഹമാമി എപ്പോഴാണ് അക്രമാസക്തനായതെന്നോ വിമാന ആക്രമണത്തിന് ഇതാണ് നേരിട്ടുള്ള കാരണമെന്നോ സ്ഥിരീകരിക്കാനാകില്ലെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ഹമാമി ഒറ്റയ്ക്കാണോ ആക്രമണം ആസൂത്രണം ചെയ്തതെന്നും ഏതെങ്കിലും സംഘടനകളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും യുഎഇ, സൗദി അറേബ്യ, ഇസ്രയേൽ അധികൃതർ പരിശോധിച്ചുവരികയാണ്. ഇറാനുമായുള്ള എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്നതും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.

Share