‘മച്ചാറിന്റേത് അസാമാന്യ ധീരത’: സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി
ദുബായ്: ദുബായ്- ടെല്‍ അവീവ് വിമാനത്തിലെ ആക്രമണ ശ്രമം തടഞ്ഞ് യാത്രക്കാരുടെ ജീനൻ രക്ഷിച്ച ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍.
മച്ചാറിന്റേത് അസാമാന്യ ധീരതയാണെന്ന് പ്രശംസിച്ച അദ്ദേഹം സംഭവം ഭീകരപ്രവര്‍ത്തനമാണെന്ന് യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചതായും വ്യക്തമാക്കി. മച്ചാര്‍ യുഎഇയുടെ ചരിത്രത്തിന്റെ ഭാഗമായതില്‍ അഭിമാനമെന്നും ഷെയ്ഖ് ഹംദാന്‍ പ്രതികരിച്ചു.
ധീരത, ഉത്തരവാദിത്തം, മനുഷ്യജീവനോടുള്ള കരുതല്‍ എന്നിവയുടെ ഏറ്റവും ഉയര്‍ന്ന മാതൃകയായി സ്മിത് മച്ചാര്‍ മാറിയെന്ന് ഷെയ്ഖ് ഹംദാന്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ‘രാജ്യത്തിന്റെ പൂര്‍ണമായ പ്രശംസയും ആദരവും അദ്ദേഹത്തെ അറിയിക്കുന്നു.
അദ്ദേഹം ഞങ്ങളുടെ ടീമിന്റെ ഭാഗമാണ് എന്നതിലും… യുഎഇ ചരിത്രത്തിന്റെ ഭാഗമാണ് എന്നതിലും… രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന തത്വങ്ങളുടെയും കരുണയുടെയും സമാധാനത്തിന്റെയും മാത്രമല്ല, ജീവന്റെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒരു രാജ്യത്തിന്റെ ഭാഗമാണ് എന്നതിലും ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു’, ദുബായ് കിരീടാവകാശി പറഞ്ഞു. ഫ്‌ളൈ ദുബായ് വിമാനത്തിലെ ക്രൂ അംഗങ്ങളുമായും അടിയന്തര ഘട്ടത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ യാത്രക്കാരുമായും ഉള്‍പ്പടെ ഷെയ്ഖ് ഹംദാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോകുകയായിരുന്ന ഫ്ളൈ ദുബായ് വിമാനമായിരുന്നു കോക്പിറ്റിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് സൗദി അറേബ്യയിലെ തബൂക്കില്‍ അടിയന്തരമായി ഇറക്കേണ്ടി വന്നത്.
കോക്പിറ്റിലുണ്ടായ സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ വംശജനായ ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് തന്റെ ഒമാനി സഹപൈലറ്റില്‍ നിന്ന് കുത്തേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്നെങ്കിലും അദ്ദേഹം പ്രതിരോധ ശ്രമം തുടര്‍ന്നിരുന്നു. പരിക്കുകള്‍ക്കിടയിലും കോക്പിറ്റ് വാതില്‍ തുറക്കാന്‍ മച്ചാറിന് സാധിച്ചു. ഇത് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇടപെടാന്‍ അവസരമൊരുക്കി. തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിടുകയും സൗദി അറേബ്യയിലെ തബൂക്കില്‍ സുരക്ഷിതമായി ഇറങ്ങുകയും ചെയ്തു. ക്യാപ്റ്റനെ ഉടന്‍ തന്നെ തബൂക്കിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പിന്നീട് യുഎഇയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഫ്‌ളൈ ദുബായ് വിമാനത്തില്‍ കോ പൈലറ്റ് നടത്തിയത് ഭീകരാക്രമണ ശ്രമമെന്നാണ് യുഎഇ കണ്ടെത്തിയിരിക്കുന്നത്. വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ കോക്പിറ്റിലെ ക്രാഷ് ആക്സ് ഉപയോഗിച്ച് പൈലറ്റിനെ ആക്രമിച്ചെന്നും യുഎഇയിലെ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് അല്‍ ശംസി വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യവും സാഹചര്യവുമെന്താണെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നിലെ എന്തെങ്കിലും തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധമുണ്ടോയെന്നുള്ള അന്വേഷണവും യുഎഇ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.


