വാഹനങ്ങളുടെ പുക മലിനീകരണം: 900 റിയാൽ വരെ പിഴ; ഡ്രൈവർമാർക്ക് സൗദി ട്രാഫിക് വിഭാഗത്തിൻ്റെ മുന്നറിയിപ്പ്
റിയാദ്: പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന വിധത്തിൽ പുക പുറന്തള്ളുന്ന വാഹനങ്ങൾ നിരത്തിലിറക്കുന്നതിനെതിരെ ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. വാഹനങ്ങളിൽ നിന്നുള്ള അമിതമായ എക്സ്ഹോസ്റ്റ് പുക പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുമെന്നും ഇത് ഗതാഗത നിയമലംഘനമായി കണക്കാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഇത്തരം നിയമലംഘനങ്ങൾക്ക് 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ചുമത്തുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.
വാഹനങ്ങളിൽ നിന്നുള്ള എക്സ്ഹോസ്റ്റ് വാതകങ്ങൾ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നതിനാൽ വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാനും മലിനീകരണം കുറയ്ക്കുന്നതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും ഡ്രൈവർമാരോട് അധികൃതർ ആവശ്യപ്പെട്ടു.
വാഹനങ്ങളുടെ എക്സ്ഹോസ്റ്റ് സംവിധാനവും എൻജിനും ശരിയായ നിലയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണികളും പരിശോധനകളും നടത്തുന്നത് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
അതേസമയം, റോഡുകളിൽ സുരക്ഷിതമായ ഡ്രൈവിംഗ് രീതികൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും ട്രാഫിക് വിഭാഗം ഓർമിപ്പിച്ചു. നിശ്ചിത വേഗപരിധി പാലിക്കുക, വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം ഉറപ്പാക്കുക, ആവശ്യമായ സാഹചര്യങ്ങളിൽ മറ്റുള്ളവർക്ക് മുൻഗണന നൽകുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കണം.
ദിശയോ ലെയിനോ മാറുമ്പോൾ ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കുക, ഡ്രൈവിംഗിൽ പൂർണ ശ്രദ്ധ പുലർത്തുക, ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക തുടങ്ങിയ സുരക്ഷാ നിർദേശങ്ങളും അധികൃതർ ആവർത്തിച്ചു.
റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനൊപ്പം വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ബോധവത്കരണത്തിൻ്റെ ഭാഗമായാണ് പുതിയ മുന്നറിയിപ്പ്.


