നെതന്യാഹുവിന് തിരിച്ചടി; പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കില്ലെന്ന് സ്വന്തം സഖ്യകക്ഷി
തെല്‍ അവിവ്: ഇസ്രായേലില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവിന് സ്വന്തം സഖ്യകക്ഷിയില്‍ നിന്ന് കനത്ത തിരിച്ചടി.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് നെതന്യാഹുവിനെ നിര്‍ദേശിക്കില്ലെന്ന് സഖ്യകക്ഷിയായ യുണൈറ്റഡ് തോറാ ജൂദായിസം സഖ്യത്തിലെ ദേഗല്‍ ഹാതോറ പാര്‍ട്ടി നിലപാടെടുത്തു. നെതന്യാഹുവിനെയോ ഐസന്കോട്ടിനെയോ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണക്കില്ലെന്നാണ് തീവ്ര യാഥാസ്ഥിതിക നിലപാടുള്ള പാര്‍ട്ടി വ്യക്തമാക്കിയത്.
ഹരേദി വിഭാഗത്തില്‍പ്പെട്ട പുരുഷന്മാരെ നിര്‍ബന്ധിത സൈനിക സേവനത്തില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള നിയമനിര്‍മാണം നെതന്യാഹു സര്‍ക്കാരിന് പാസ്സാക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ പല തീവ്ര യാഥാസ്ഥിതിക സംഘടനകളും നെതന്യാഹുവുമായി ഇടഞ്ഞിരുന്നു. ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് ദേഗല്‍ ഹാതോറ പാര്‍ട്ടി നെതന്യാഹുവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതെന്ന് ‘ദി ടൈംസ് ഓഫ് ഇസ്രായേല്‍’ റിപ്പോര്‍ട്ട് ചെയ്തു.
ഒന്ന്, രണ്ട്, മൂന്ന്… 53 റെഡ് കാര്‍ഡുകള്‍, റഫറിക്ക് വധഭീഷണി; ഗിന്നസ് റെക്കോര്‍ഡ് തിരുത്തി ബ്രസീലിലെ ഫുട്ബാള്‍ മത്സരം
യുണൈറ്റഡ് തോറാ ജൂദായിസം സഖ്യത്തിന് ഏഴ് എംപിമാരാണുള്ളത്. ഇതില്‍ നാലുപേരും ദേഗല്‍ ഹാതോറ പാര്‍ട്ടിക്കാരാണ്. പാര്‍ട്ടി പിന്തുണക്കാതായതോടെ ഫലത്തില്‍ നെതന്യാഹുവിനുള്ള പിന്തുണ 49 ആയി കുറയും. 61 പേരുടെയെങ്കിലും പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ ആവശ്യം.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത പശ്ചാത്തലത്തില്‍ ഇസ്രായേലില്‍ സഖ്യചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. കൂടാതെ, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായി കൂടിക്കാഴ്ച നടത്തുന്നുമുണ്ട്. കൂടിക്കാഴ്ചയില്‍ തങ്ങള്‍ ആരെ പിന്തുണക്കുമെന്ന് പാര്‍ട്ടികള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.


