മലപ്പുറത്ത് സ്കൂൾ ബസ് മറിഞ്ഞ് ബൈക്കിൽ മുത്തച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്ന ആറ് വയസുകാരി മരിച്ചു

മലപ്പുറം: കൊണ്ടോട്ടി പുളിക്കലിൽ സ്വാകാര്യ സ്കൂൾ ബസ് ബൈക്കിനുമുകളിലേക്ക് മറിഞ്ഞ് ആറുവയസ്സുകാരി മരിച്ചു. ബൈക്കിൽ മുത്തച്ഛനൊപ്പം പോവുകയായിരുന്ന ഹയ ഫാത്തിമ (6) എന്ന വിദ്യാർഥിയാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹയ ഫാത്തിമയെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിക്കൊപ്പം യാത്ര ചെയ്തിരുന്ന മുത്തച്ഛനും പരിക്കേറ്റിട്ടുണ്ട്.

ഇന്ന് (ബുധൻ) വൈകീട്ട് നാലരക്ക് പുളിക്കൽ ആന്തിയൂർ കുന്നിലാണ് അപകടം. ഇതേസ്കൂളിൽ പഠിക്കുന്ന ഹയ ഫാത്തിമ മുത്തച്ഛനോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്നു. ഇവർ സഞ്ചരിച്ച ബൈക്കിനുമുകളിലേക്കാണ് ബസ് മറിഞ്ഞത്. ബസ് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പുളിക്കൽ നോവൽ സ്കൂളിന്റെ ബസാണ് അപകടത്തിൽപെട്ടത്. ഇതിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് നിസാരപരിക്കേറ്റു.

ബസ്സിൽ നാൽപ്പതോളം കുട്ടികൾ ഉണ്ടായിരുന്നു . അപകടത്തിൽ നിസ്സാര പരിക്കേറ്റ 7 കുട്ടികളെ പുളിക്കൽ ബി.എം ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ചു. ചില കുട്ടികൾ കോഴിക്കോട്ടെ സ്വാകര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!