കുടുംബകോടതി പരിസരത്ത് തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചു, മലപ്പുറം സ്വദേശി പിടിയില്‍

മലപ്പുറം: കുടുംബകോടതി പരിസരത്ത് ഭര്‍ത്താവ് ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു. മേലാറ്റൂര്‍ സ്വദേശി മന്‍സൂര്‍ ആണ് ഭാര്യ റുബീനയുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വിവാഹമോചന കേസിന്റെ നടപടികള്‍ക്കായാണ് ദമ്പതിമാര്‍ കുടുംബകോടതിയില്‍ എത്തിയത്. ഇതിനിടെ മന്‍സൂറും റുബീനയും തമ്മില്‍ കുട്ടികളുടെ അവകാശത്തെച്ചൊല്ലി കോടതി പരിസരത്തുവെച്ച് തര്‍ക്കമുണ്ടായി. ഇതോടെ റുബീന പോലീസിനെ വിവരമറിയിച്ചു. എന്നാല്‍ പോലീസ് സ്ഥലത്ത് എത്തുന്നതിന് മുമ്പ് മന്‍സൂര്‍ നേരത്തെ വാങ്ങിസൂക്ഷിച്ചിരുന്ന പെട്രോള്‍ ഭാര്യയുടെ ദേഹത്തൊഴിക്കുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്നവര്‍ ഇടപെട്ട് യുവതിയെ രക്ഷിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാള്‍ക്കെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസം പാലക്കാട് ഒറ്റപ്പാലം കുടുംബകോടതി പരിസരത്തുവെച്ചും യുവതി ആക്രമണത്തിനിരയായിരുന്നു. മനശേരി സ്വദേശി സുബിതയെയാണ് മുന്‍ ഭര്‍ത്താവ് രഞ്ജിത് കോടതിപരിസരത്തുവെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സുബിതയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!