പ്രണയത്തില്‍നിന്ന് പിന്‍മാറിയ യുവതിയെ കാറിടിപ്പിച്ച സംഭവം; ‘പരാതി പിന്‍വലിക്കാന്‍ പണംനല്‍കി’

തിരുവല്ലയില്‍ പ്രണയത്തില്‍നിന്ന് പിന്‍മാറിയ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടായെന്ന് യുവതിയുടെ കുടുംബം. കേസ് ഒഴിവാക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതിയായ വിഷ്ണുവിന്റെ മാതാപിതാക്കളാണ് യുവതിയുടെ ബന്ധുക്കളെ സമീപിച്ചെന്ന് ആരോപണമുള്ളത്‌. വിഷ്ണുവിന്റെ മാതാപിതാക്കള്‍ 1000 രൂപ നല്‍കാന്‍ ശ്രമിച്ചുവെന്ന് പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ ജോസഫ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കേസില്‍ വിഷ്ണുവിനേയും സുഹൃത്ത് അക്ഷയ്‌യേയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുകലശ്ശേരി മാക്ഫാസ്റ്റ് കോളേജിന് സമീപം വ്യാഴാഴ്ച വൈകീട്ട് ആറരയോടെ കൊലപാതകശ്രമം നടന്നത്. വിഷ്ണുവുമായി രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു യുവതി. അടുത്തിടെ യുവതി ബന്ധത്തില്‍ നിന്നും പിന്മാറി. ഇതേതുടര്‍ന്ന് പ്രതികള്‍ യുവതിയെ മനപൂര്‍വം കാറിടിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍.

വാഹനം കുറുകേയിട്ട് വഴി തടഞ്ഞതിനെ തുടര്‍ന്ന് മറ്റൊരു വഴിയിലൂടെ വീട്ടിലേക്ക് പോകവെയാണ് സംഭവം. വിഷ്ണുവാണ് കാറോടിച്ചിരുന്നത്. കൂട്ടുപ്രതിയായ അക്ഷയുടെ പിതാവിന്റെ പേരിലുള്ളതായിരുന്നു വാഹനം. കാറിടിച്ച് തെറിച്ചു വീണ യുവതിയുടെ തലയ്ക്ക് ക്ഷതമേറ്റു. വലതു കൈയുടെ അസ്ഥിയ്ക്കും പൊട്ടലുണ്ട്. പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ യുവതിയെ കൂടുതല്‍ പരിശോധനകള്‍ക്കായി ശനിയാഴ്ച വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!