കുടുംബമുണ്ട്, പരാതി നല്‍കരുത്; അറസ്റ്റ് ഒഴിവാക്കാന്‍ വിമാനത്തിനുള്ളില്‍ കരഞ്ഞ് മാപ്പപേക്ഷിച്ച് പ്രതി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ അറസ്റ്റ് ഒഴിവാക്കാന്‍ പ്രതി ശങ്കര്‍ മിശ്ര പരാതിക്കാരിയോട് മാപ്പപേക്ഷിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. സംഭവദിവസം വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ പരാതിക്കാരിയുടെ അടുത്തേക്ക് വന്ന ശങ്കര്‍ മിശ്ര, തനിക്ക് കുടുംബമുണ്ടെന്നും വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കരുതെന്നും ആവശ്യപ്പെട്ട് കരഞ്ഞുവെന്നും നേരത്തെ പരാതിക്കാരി എയര്‍ ഇന്ത്യയ്ക്ക് അയച്ച കത്തില്‍ പറയുന്നു

കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തൊട്ടടുത്ത ദിവസം എയര്‍ ഇന്ത്യ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് നല്‍കിയ പരാതിയില്‍ പ്രതി മാപ്പപേക്ഷിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യാത്രക്കാരി വിശദീകരിച്ചിരുന്നു. എന്നാല്‍ പിന്നേയും ഒരാഴ്ചയോളം കഴിഞ്ഞ് ജനുവരി നാലിനാണ് എയര്‍ ഇന്ത്യ പോലീസില്‍ പരാതി നല്‍കിയത്. ഇരുവരും തമ്മില്‍ പരാതി ഒത്തുതീര്‍പ്പാക്കിയെന്ന് കരുതിയാണ് പരാതി നല്‍കാന്‍ വൈകിയതെന്നാണ് എയര്‍ ഇന്ത്യ പറയുന്നത്. പരാതിക്കാരി എയര്‍ ഇന്ത്യയ്ക്ക് അയച്ച കത്തും എഫ്‌ഐആറിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

പ്രതിയോട് സംസാരിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞിട്ടും വിമാനത്തിലെ ജീവനക്കാര്‍ നിര്‍ബന്ധപൂര്‍വമാണ് തങ്ങളെ മുഖാമുഖം ഇരുത്തി സംസാരിച്ചതെന്നും പരാതിക്കാരിയുടെ കത്തില്‍ പറയുന്നു. വിമാനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് മാത്രമാണ് ജീവനക്കാരോട് ആവശ്യപ്പെട്ടത്. എന്നാല്‍ തന്നോട് മാപ്പുപറയുമെന്ന് പറഞ്ഞ് ആയാളെ ജീവനക്കാര്‍ തന്റെ അടുത്തേക്ക് കൊണ്ടുവരുകയായിരുന്നു. തന്റെ ഫോണ്‍ നമ്പര്‍ ശര്‍മയ്ക്ക് കൈമാറിയശേഷം മൂത്രത്തില്‍ നനഞ്ഞ ഷൂവിനും വസ്ത്രത്തിനുമുള്ള തുക കൈമാറാന്‍ ആവശ്യപ്പെട്ടുവെന്നും കത്തില്‍ പറയുന്നു. ജീവനക്കാര്‍ നിരുത്തരവാദപരമായാണ് പെരുമാറിയതെന്നും യാത്രക്കാരന്റെ മാന്യതയും സുരക്ഷയും സംരക്ഷിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്നും പരാതിക്കാരി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

സംഭവത്തില്‍ ഒളിവിലുള്ള പ്രതിക്കായി നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. യു.എസിലെ കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന ബഹുരാഷ്ട്രകമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റാണ് ശങ്കര്‍ മിശ്ര. ഇയാള്‍ മുംബൈ സ്വദേശിയാണെന്നാണ് നേരത്തെ പോലീസ് എത്തിച്ചേര്‍ന്നിരുന്ന നിഗമനം. എന്നാല്‍, ഉത്തര്‍ പ്രദേശിലെ ലഖ്നൗ സ്വദേശിയാണെന്നാണ് പോലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇയാളെ തിരിച്ചറിഞ്ഞെന്നും നിലവില്‍ ഒളിവിലാണെന്നുമാണ് പോലീസ് അറിയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിമാനത്തിലെ ജീവനക്കാരേയും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിരുന്നു. നിലവില്‍ നാലു ജീവനക്കാരെ ചോദ്യം ചെയ്തു കഴിഞ്ഞു. മറ്റുള്ളവരേയും ഉടന്‍ തന്നെ ചോദ്യം ചെയ്തേക്കും

അതേസമയം, അറസ്റ്റ് ഒഴിവാക്കാന്‍ ഇയാള്‍ നിരന്തരം ഒളിവില്‍ താമസിക്കുന്നസ്ഥലങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നാണ് പോലീസ് നിഗമനം. ഇയാള്‍ക്കായി മുംബൈയിലും ബെംഗളൂരുവിലും ഡല്‍ഹി പോലീസ് തിരച്ചില്‍ നടത്തി. ഇവിടെ രണ്ടിടത്തും ഇയാള്‍ക്ക് ഓഫീസുണ്ടെന്നും ഇവിടങ്ങളിലേക്ക് സന്ദര്‍ശിക്കാറുണ്ടെന്നുമാണ് പോലീസിന് കിട്ടിയ വിവരം. സംഭവത്തില്‍ എയര്‍ ഇന്ത്യക്കും പൈലറ്റുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ഡി.ജി.സി.എ. കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. രണ്ടാഴ്ചയാണ് മറുപടി നല്‍കാന്‍ സമയം നല്‍കിയിരിക്കുന്നത്.

യാത്രക്കാരിയുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നതടക്കം വകുപ്പുകള്‍ ചുമത്തി ശങ്കര്‍ മിശ്രക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതായും പ്രതിക്ക് 30 ദിവസത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

ഇതും കൂടി വായിക്കുക..

വിമാനത്തിൽ മോശമായി പെരുമാറുന്ന യാത്രക്കാരെ ആവശ്യമെങ്കില്‍ ക്യാമ്പിന്‍ ക്രൂ അംഗങ്ങള്‍ക്ക് കെട്ടിയിടാം; DGCA മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

 

Share
error: Content is protected !!