സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചതും ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചതും വ്യവസായിയെന്ന് തിരിച്ചറിഞ്ഞു; അറസ്റ്റ് ഉടനുണ്ടാകും

ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ മദ്യലഹരിയിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത് മുംബൈ വ്യവസായിയായ ശേഖർ മിശ്രയാണെന്ന് തിരിച്ചറിഞ്ഞു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. എയർ ഇന്ത്യ വിമാനത്തിൽ നടന്ന സംഭവം വിമാനക്കമ്പനി പൊലീസിനെ അറിയിക്കാൻ വൈകിയതായി ആരോപണമുണ്ട്. നവംബർ 26നു നടന്ന സംഭവത്തിൽ പൊലീസിനു പരാതി ലഭിച്ചത് ഡിസംബർ 28നു മാത്രമാണ്. സംഭവവുമായി ബന്ധപ്പെട്ട് വിമാനജീവനക്കാരേയും പൊലീസ് ചോദ്യം ചെയ്യും. ശേഖർ മിശ്രയ്ക്ക് എയർ ഇന്ത്യ 30 ദിവസത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.

കഴിഞ്ഞ നവംബറിൽ ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. ബിസിനസ് ക്ലാസ് യാത്രികനായ ശേഖർ മിശ്ര മുന്നിലിരുന്ന കർണാടക സ്വദേശിയായ 70 വയസ്സുള്ള സ്ത്രീയുടെ മേൽ മൂത്രമൊഴിക്കുകയായിരുന്നു. സ്ത്രീ പരാതിപ്പെട്ടെങ്കിലും ഡൽഹിയിലിറങ്ങിയ ശേഷവും ഇയാൾക്കെതിരെ നടപടിയുണ്ടായില്ല. തുടർന്ന് ഇവർ ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ.ചന്ദ്രശേഖരനു പരാതിയയച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര സമിതിക്കു രൂപം നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ പൊലീസിലും പരാതി നൽകിയതായി എയർ ഇന്ത്യ അറിയിച്ചിരുന്നു. വ്യോമയാന ഡയറക്ടറേറ്റ് ജനറലിനെയും വിവരമറിയിച്ചിട്ടുണ്ട്.

പൊതു സ്ഥലത്ത് മോശമായി പെരുമാറുക, സ്ത്രീകളുടെ സഭ്യതയ്ക്കു നേരെയുള്ള അപമാനം, എയർലൈൻ ചട്ടലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

 

പരാതിയിൽ പറയുന്നത്:

‘ഉച്ചയ്ക്ക് ആഹാരം നല്‍കിയ ശേഷം വിളക്കുകള്‍ അണച്ച ശേഷമായിരുന്നു സംഭവം. പൂര്‍ണമായും മദ്യലഹരിയിലായിരുന്ന ഒരു യാത്രക്കാരന്‍ എന്റെ സീറ്റിനടുത്തേക്ക് വരികയായിരുന്നു. തുടര്‍ന്ന് പാന്റിന്റെ സിപ്പ് അഴിച്ച ശേഷം സ്വകാര്യ ഭാഗങ്ങള്‍ എന്റെ നേരെ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് മൂത്രമൊഴിച്ച ശേഷം അവിടെ തന്നെ നില്‍ക്കുകയായിരുന്നു. മറ്റൊരു യാത്രക്കാരനെത്തി മാറാന്‍ പറഞ്ഞപ്പോള്‍ മാത്രമാണ് അയാള്‍ അവിടെനിന്നു പോയത്. എന്റെ വസ്ത്രവും ഷൂവും ബാഗും മുഴുവനും മൂത്രം വീണ് നനഞ്ഞു. തുടര്‍ന്ന് വിമാനജീവനക്കാരെത്തി അണുനാശിനിയും മറ്റും തളിക്കുകയായിരുന്നു.’– പരാതിക്കാരിയുടെ കത്തില്‍ പറയുന്നു.

ക്യാബിന്‍ ക്രൂവാണ് പിന്നീട് യാത്രക്കാരിക്ക് പൈജാമയും ചെരിപ്പും നല്‍കിയത്. നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ കഴിയാത്തതിനാല്‍ ജീവനക്കാരുടെ സീറ്റ് നല്‍കുകയായിരുന്നു. വിമാനത്തിന്റെ ഫസ്റ്റ് ക്ലാസില്‍ സീറ്റുകള്‍ ഒഴിവുണ്ടായിട്ടും നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു. രണ്ട് മണിക്കൂറിനു ശേഷമാണ് മറ്റൊരു സീറ്റ് നല്‍കിയത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!