സൗദിയിൽ ഇന്നും ശക്തമായ മഴക്കും മിന്നലിനും സാധ്യത; ജാഗ്രത നിർദേശം. മൂന്ന് കുട്ടികളുൾപ്പെടെ 5 പേർ മുങ്ങി മരിച്ചു – വീഡിയോ

സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. വരും മണിക്കൂറുകളിൽ പ്രതീക്ഷിക്കുന്ന കാലാവസ്ഥയെക്കുറിച്ച് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകി. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

റിയാദ്, മക്ക,മദീന, അൽ-ഖഫ്ജി, അൽ-ഖൈസുമ, അൽ-നൈരിയ, ഹഫർ അൽ-ബാത്തിൻ ഉൾപ്പെടെയുള്ള കിഴക്കൻ പ്രവിശ്യ, അൽ ഖസിം, അൽ ജൗഫ്, ഹൈൽ, വടക്കൻ അതിർത്തികളിലാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്.

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റ്, മിന്നലും, ആലിപ്പഴ വർഷം, മഴവെള്ളപ്പാച്ചിൽ എന്നിവക്കും സാധ്യതയുണ്ട്. മഴ ജാഗ്രത നിർദേശം നൽകിയ സ്ഥലങ്ങളിലെല്ലാം ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മക്ക, ജസാൻ, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, അൽ-ബഹ, അസീർ, തബൂക്ക് തുടങ്ങിയ പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടാകുമന്നും കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. 

 

അൽ-ഖസിം മേഖലയിൽ സാമാന്യം ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. കുത്തൊഴുക്കിൽ  പാറകളും താഴ്‌വരകളും ഒലിച്ചുപോയി. നബാനിയയിൽ നിന്ന് ഖൈസുമയിലേക്കുള്ള റോഡിന് കുറുകെയുള്ള വാദി അൽ റമയിലൂടെ വെള്ളം കുത്തിയൊലിച്ചു.

മക്ക, മദീന, അൽ-ബഹ തുടങ്ങിയ മേഖലകളിൽ അതിശക്തമായ ഒഴുക്കിന് കാരണമാകുന്ന ശക്തമായ മഴയും കാറ്റും, ആലിപ്പഴവർഷവും ഇന്നും ഉണ്ടാകാൻ സാധ്യതയുണ്ട്. മക്ക, ജുമൂം, ജിദ്ദ, തായിഫ്, ആദം, ഖുലൈസ്, ബഹറ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും മിന്നലും കാറ്റും ഉണ്ടാകാനിടയുണ്ട്. ഇത് മഴവെള്ളപ്പാച്ചിലിന് കാരണമായേക്കുമെന്നും, ഈ പ്രദേശങ്ങളിൽ കാഴ്ചയുടെ പരിതി കുറയാൻ സാധ്യതയുണ്ടെന്നും, വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും റോഡ് സുരക്ഷാ സേന അറിയിച്ചു. 

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിൽ കുട്ടികളും മുതിർന്നവരും ഒഴുക്കിൽപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം ഖുന്‍ഫുദയിൽ മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണ് മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു. ബന്ധുക്കളായ അഞ്ചു കുട്ടികള്‍ വെള്ളക്കുഴിയില്‍ കളിക്കുന്നതിനിടെ മൂന്നു പേര്‍ മുങ്ങിമരിക്കുകയായിരുന്നു. രണ്ടു പേര്‍ രക്ഷപ്പെട്ടു. ഒമ്പതു മുതല്‍ പന്ത്രണ്ടു വരെ പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടത്.

മദീനയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ വാഹനത്തിലുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ സ്വദേശിയു മകനും ഒഴുക്കിൽപ്പെട്ടു. 58 കാരനായ പിതാവിൻ്റെ മൃതദേഹം പിന്നീട് സിവിൽ ഡിഫൻസ് കണ്ടെത്തിയെങ്കിലും മകനെ ഇത് വരെ കണ്ടെത്താനായിട്ടില്ല. അയാൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.

മക്കയിലെ കുദയ് ഡിസ്ട്രിക്ടില്‍ മലവെള്ളപ്പാച്ചിൽ മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ഒരു ബര്‍മക്കാരനും മരണപ്പെട്ടു. കുദയിലെ ഖുമൈം ഗലിയിലാണ് ബര്‍മക്കാരന്‍ ഒഴുക്കില്‍ പെട്ടത്. തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. ശക്തമായ ഒഴുക്കിൽപ്പെട്ട് ഡ്രെയിനേജിലേക്ക് പതിച്ച ബര്‍മക്കാരനെ കാണാതാവുകയായിരുന്നു.
അപകട സ്ഥലത്തു നിന്ന് 13 കിലോമീറ്റര്‍ ദൂരെ ദക്ഷിണ മക്കയിലെ അല്‍ ഉകൈശിയ ഡിസ്ട്രിക്ടില്‍ നിന്നും പിന്നീട് ഇദ്ദേഹത്തെിൻ്റെ മൃതദഹം സിവില്‍ ഡിഫന്‍സ് കണ്ടെത്തി.

മഴവെള്ളപ്പാച്ചിലും, കുത്തൊഴുക്കും ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും വെള്ളക്കെട്ടുകളിൽ നിന്നും താഴ് വരകളിൽ നിന്നും വിട്ട് നിൽക്കണമെന്ന് സിവിൽ ഡിഫൻസ് നിർദേശിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വാദി അൽ റമയിലെ ഒഴുക്കിൻ്റെ വീഡിയോ കാണുക

 

മക്കയിൽ വിദേശി മഴവെള്ളപ്പാച്ചിലിൽപ്പെട്ട് ഒലിച്ച് പോകുന്ന വീഡിയോ:

 

Share
error: Content is protected !!